“കാത്തുനില്പ് തുടങ്ങിയിട്ടെത്ര നേരമായി, ഈ വിനുവിന്റെ കാര്യം. ഇപ്പൊ വരാമെന്ന് പറഞ്ഞ് പോകും… ” അയാൾക്ക് വല്ലാത്ത ദേഷ്യം തോന്നി. പിന്നെ അത് വേണ്ടാന്നും തോന്നി.
“രവീ വാടാ അകത്തിരിക്കാം. ഇത്തിരി വൈകും” വിനു അവനെ വിളിച്ചു.
രവി കൂട്ടാക്കാതെ പറഞ്ഞു, “ഞാനിവിടെ നിന്നോളാം “
തെരുവിന്റെ തിരക്ക് ക്ഷമയില്ലാതെ വർദ്ധിച്ച ഈ കാലത്ത് ചപ്പുചവറുകൾ കൂനയാക്കാൻ ഈ മെലിഞ്ഞ വഴി ബദ്ധപ്പെടുന്നതിൽ എന്തത്ഭുതം? ശ്വാനന്റെ ശ്വാസകോശത്തിലേക്ക് വിശപ്പിന്റെ മരുന്നുമായി ഏതോ ഗന്ധം അരിച്ചിറങ്ങവേ, അവൻ മൂക്ക് ആ കൂനയിലേക്ക് കുത്തിത്തിരുകുകയായിരുന്നു. ഒടുവിലെന്തോ കടിച്ചുവലിച്ച് ഭ്രാന്തമായി ചിണുങ്ങുന്നു.
പെട്ടെന്നാണ് ശ്രദ്ധിച്ചത് അരികിലേക്ക് വരുന്ന രൂപം;അടുക്കും തോറും പരിചിതമായി വരുന്ന രൂപം; പ്രഭാകരേട്ടൻ!
അതെ!കൊഴിയാത്ത മുടിയെല്ലാം നരച്ച, പ്രസന്നതയുടെ തിളക്കമുള്ള മുഖവുമായി പ്രഭാകരേട്ടൻ!
“എന്താ രവി ഇവിടെ?”
“വിനുവിനെ കാത്ത്….എട്ടനെങ്ങോട്ടാ?”
“മരുന്ന് വാങ്ങണം, ഇന്നലെ തീർന്നു. വേദന ഒരല്പം കൂടുതലായി. കട അടക്കും മുമ്പേ ചെല്ലണം..”
“ഞാൻ വേണേൽ പോയി….”
“വേണ്ട രവി, ഇവിടെ വരെ അല്ലെ, ഞാൻ പോകാം”
അഴുക്കു പുരണ്ട വസ്ത്രങ്ങൾക്കുള്ളിലെ ആ മനുഷ്യൻ പോകുന്നത് കണ്ടപ്പോൾ രവിയുടെ നെഞ്ചിൽ ഒരു സൂചി തുളച്ചു കയറി.
വല്ലപ്പോഴുമൊക്കെ ഇവരെയൊക്കെ എന്തേ എനിക്കോർക്കാൻ കഴിയുന്നില്ല. വെറുതെ വർത്തമാനം പറഞ്ഞാൽ മാത്രം മതി ഇവർക്കൊക്കെ ഇത്തിരി ആശ്വാസം കിട്ടാൻ!
തന്റെ തിരക്കിന്റെ തെറ്റ് അയാൾക്ക് മനസ്സിലായി; ആദ്യമായിട്ടല്ല എന്നു മാത്രം!
നെഞ്ചിലെ സൂചി വലിച്ചിളക്കി, പൂച്ചക്കുട്ടിയെ നോക്കി!
അവന് ആഹാരം കിട്ടിയോ ആവോ? കണ്ടില്ല! പൂച്ചയും നായയും എങ്ങോട്ടോ പോയിരിക്കുന്നു. ഇപ്പോൾ ചവറുകൂനയിലേക്ക് ചാടി ചാടി പോകുന്നു ഒരു തവള…
“രവീ വാ പോകാം…”
ഒരു ക്ഷമ ചോദിക്കലിന്റെ പിന്നാലെ വിനുവിന്റെ തണുത്ത കൈകൾ ചുമലിൽ പതിച്ചപ്പോൾ രവിയുടെ മനസ്സിൽ കാത്തിരിപ്പിന്റെ ദേഷ്യം ഉണ്ടായിരുന്നില്ല.
“ഡോക്ടർ എന്ത് പറഞ്ഞു വിനു?”
“ഓ , പിന്നെയും കുറെ മരുന്നുകൾ….അതിനു കുറവൊന്നും ഇല്ല. ഇനി എത്ര നാളുകൾ…”
രവി ഒന്നും പറഞ്ഞില്ല.
ആളുകളുടെ ഇടയിലൂടെ അകത്തേക്ക് കയറുമ്പോൾ…
“നല്ല വെള്ളത്തിലാന്ന തോന്നുന്നേ…”
“അനക്കമില്ലല്ലൊ…തീർന്നോ…”
“വീടും നോക്കാതെ, കിട്ടുന്ന കാശും കൊണ്ടിറങ്ങും..”
“ഇന്നത്തെ അന്തി അടിച്ചതായിരിക്കും…”ഒടുവിൽ അഴുക്കു പുരണ്ട വസ്ത്രങ്ങൾക്കുള്ളിലെ ആ ശരീരം തിരിച്ചറിഞ്ഞപ്പോൾ, ലോകത്തോടുള്ള അമർഷവും വെറുപ്പും ഉച്ചത്തിലുള്ള ശബ്ദമായി രവിയിൽ നിന്നുയർന്നപ്പോഴേക്കും സമ്മേളനം പിരിഞ്ഞിരുന്നു.
nicely shown the busy world …and a worrying heart…
LikeLike
Thanks Akhila!
LikeLiked by 1 person
Nice one Skd.. syam
LikeLike
നന്ദി, ശ്യാം 🙂
LikeLike