അത്തരത്തിലുള്ള ഒരു സന്ദേശം സാധാരണ ദുഖത്തിന്റെ മൗനവും വഴിയറിയാത്ത വികാരങ്ങളും ഉണ്ടാക്കേണ്ടതായിരുന്നു; പകരം അയാളുടെ മനസ്സിലേക്ക് അവരുടെ നന്നേ വെളുത്ത ചിരിയായിരുന്നു, അതിന്റെ നന്മയുള്ള ഒരു ആത്മാവായിരുന്നു!
അയാൾ: “അമ്മൂമ്മ പോയി !”
അവൾ: “….അമ്മൂമ്മ…..?!…….”
അവളുടെ അങ്കലാപ്പും വിഷമവും പെട്ടെന്ന് മുഖത്തിൽ കടന്നു കയറി…..പിന്നെ നിറഞ്ഞ കണ്ണുനീരിലേക്കും…!
അയാൾ: “94 വയസ്സ്! കഴിഞ്ഞ മാസം വരെ അവർ ഒക്കെ തനിയെ തന്നെ ചെയ്തിരുന്നു!”
അവൾ: “……വയ്യാതായിട്ടും ചെയ്യാൻ ശ്രമിച്ചിരുന്നു!……എന്നാലും….അന്ന് കണ്ടപ്പോഴും….”
അയാൾ:”….അമ്മൂമ്മയുടെ ആരോഗ്യവും, തന്റേടവും, ഇപ്പോൾ ഇങ്ങനെ ഈ പോക്കും ഒക്കെ, ആ വെളുത്ത ചിരിയുടെ പുണ്യമാണ്…..”
അവൾ ഒന്നും പറയാതെ എന്തോ തിരഞ്ഞു കൊണ്ടിരുന്നു!
അയാൾ: “ശരിക്കും ഭാഗ്യം ചെയ്ത ആത്മാവാണ്….”
അവൾ :”……എന്നാലും…..!!!”
സത്യങ്ങളൊക്കെ മുന്നിൽ വന്നു നിന്നാലും നമ്മൾ പലപ്പോഴും ഇങ്ങനെയാണ്….വികാരത്തിനൊപ്പം കുറെ ദൂരം പോകും. പിന്നീട് തിരിച്ചും വരും!
അയാൾ: “…കഴിഞ്ഞതവണ വയ്യാതായതിനു ശേഷം, ഇരുപത്തതിനാലുമണിക്കൂറും അമ്മൂമ്മക്കൊപ്പം ഏതേലുമൊരു മക്കളെങ്കിലും ഉണ്ടായിരുന്നു! ശരിക്കും പുണ്യം ചെയ്തിരുന്നു അമ്മൂമ്മ!”
അവൾ : “ശരിക്കും! ”
അവൾ, അവർക്കു നൽകാൻ വാങ്ങി, കഴിഞ്ഞ തവണ പോയപ്പോൾ എടുക്കാൻ മറന്ന വെള്ള മുണ്ടും ചട്ടേം അലമാരയിൽ നിന്നും കണ്ടെടുത്തു!.
അയാൾ: “….വിഷമത്തിനു പകരം, നമ്മൾ അവരെ സന്തോഷത്തോടെ ഓർക്കണം, അവരുടെ ചിരി പോലെ…”
അവൾ വെറുതെ ഒന്ന് മൂളി. അവളുടെ മനസ്സ് അത് കേട്ടില്ല!
അയാളുടെ ഓർമകളിൽ അവരുടെ ചിരി മാത്രം. അത് കൂടുതൽ തെളിച്ചതോടെ…..!
അവൾ: “….ഒന്ന് കാണാൻ….”
അയാൾ: “അവരെ കാണാൻ പറ്റുന്നില്ലേ നിനക്ക്? ശരീരം കാണണോ?”
അവൾ:”വേണ്ട!”
അവൾ മറുപടി വേഗം പറഞ്ഞു!
ചിരിയിലൂടെ സ്നേഹവും ത്യാഗവും നന്മയുമൊക്കെ അവർ മക്കൾക്ക് കാണിച്ചു കൊടുത്തു. അത് മുഴുവൻ അവർക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും, അവരെയെല്ലാം ഒടുവിൽ അമ്മൂമ്മയുടെ അടുത്തെത്തിച്ചു, ആ നേർത്ത നൂലിഴ അത്രമാത്രം അവരെ കൂട്ടിയിണക്കിയിരുന്നു!
മക്കളെയും കുഞ്ഞുമക്കളെയും കാണുമ്പോഴൊക്കെ അമ്മൂമ്മ ഉമ്മ കൊടുക്കുമായിരുന്നു. അതിന്റെ സുഖമുള്ള ചൂടിനെ അവൾ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു! അതിനു പകരമായി അവൾക്കും അവസാനമായി….?!
വേണ്ട, അന്ന് കണ്ട അവരുടെ നന്നേ വെളുത്ത ചിരി അവളിൽ സ്നേഹത്തിന്റെ ഒരു ചൂടുള്ള ഉമ്മയായി കിടന്നോട്ടെ!
അവൾ: “……ഇനി ഇന്ന് അച്ഛനെ ഫോൺ വിളിക്കണ്ട! അവിടെ തിരക്കുണ്ടാവും. ഒക്കെ ഒന്ന് കഴിയട്ടെ. നാളെ വിളിച്ചാൽ മതി!”
അവൾ കൊച്ചുമോന്റെ പിന്നാലെ ചോറും കൊണ്ട് നടക്കുന്നു…..
“എന്റെ കുട്ടാ വേഗം വാ….ഇതിലൊരുകൂട്ടം അമ്മ വച്ചിട്ടുണ്ട്…..ഓടി വാ ……”
നന്നേ വെളുത്ത ചിരിയുമായി കൊച്ചുമോൻ ഓടികളിച്ചുകൊണ്ടിരിക്കുന്നു…..അവളും !
pic : Google Free Licensed