എത്രയോ പ്രാവശ്യം ശ്രമിച്ചിരിക്കുന്നു, അപ്പോഴെല്ലാം ശ്രീധരൻ മാഷ് ഇടപെട്ട് പിന്നിലെ ബെഞ്ചിൽ തന്നെ ഇരുത്തും. “പൊക്കമുള്ളവർ പിന്നിലിരുന്നാൽ മതി. പഠിക്കുന്നവർ എവിടെ ഇരുന്നാലും പഠിക്കും, പിന്നല്ല..”
മനുവിന് മാഷിനോട് കലശലായ ദേഷ്യം തോന്നി. അവനു ക്ലാസ്സിൽ ശ്രദ്ധിക്കുവാനേ കഴിഞ്ഞില്ല. ജനലിലൂടെ പുറത്തെ കാഴ്ചകൾ കാണുന്നത് ശീലമായിരുന്നു. കഴിഞ്ഞ ആഴ്ച എന്ത് കഷ്ടപ്പെട്ടിട്ടാ ആ റോസാച്ചെടി ക്ലസ്സിനു മുമ്പിൽ നട്ടു പിടിപ്പിച്ചത്…എന്നിട്ടും ആ നശിച്ച പിള്ളേർ……!
വിള്ളൽ വീണ മതിലിലൂടെ വരിവരിയായി കുശലം പറഞ്ഞു പോകുന്ന കുഞ്ഞുറുമ്പുകൾ…അവനു വല്ലാത്ത രസം തോന്നി. വിരലുകൾ വച്ച് അവൻ അവരെ തടഞ്ഞു! അതിലൊരാൾ അതാ രക്ഷപ്പെടാൻ നോക്കുന്നു! അവൻ, കൈയുടെ മുകളിലൂടെ…..അമ്പട…മനു അവനെ വട്ടം ചുറ്റിപ്പിടിച്ചു!
കാതിൽ കിഴുക്ക് കിട്ടിയപ്പോൾ ക്ലസ്സിലാണെന്നു മനസ്സിലായി!
“അയ്യടാ കൊച്ചു കുഞ്ഞല്ലേ….ഉറുമ്പിനൊപ്പം കളിക്കാൻ ”
ക്ലസ്സിനു മുഴുവൻ വലിയ ചിരിക്കുള്ള വലിയ കോമാളിയായി നിന്നപ്പോൾ, അവൻ അറിയാതെ അവൻ കരഞ്ഞു പോയി! അവൻ ശരിക്കും കുഞ്ഞായിരുന്നല്ലോ!
അവന്റെ ഉള്ളിൽ വെറുപ്പിന്റെ വേലിയേറ്റമായിരുന്നു… മാഷിനോടും…, ഉറക്കെ നിർത്താതെ ചിരിച്ച തങ്കച്ചനോടും, ബിനുവിനോടും പിന്നെ സിന്ധുവിനോടും, ആ പൊക്കമുള്ള അനിതയോടും….അല്ല ചിരിച്ചു രസിച്ച എല്ലാവരോടും!
അവനു അപ്പു മാഷിനോടും വല്ലാത്ത വെറുപ്പ് തോന്നി…
മനുവിന്റെ മനസ്സിന് താളം കണ്ടെത്താൻ ആയില്ല!
അവസാന പീരിയഡിൽ സാർ വന്നില്ല. ഡെസ്കിന്റെ തണുപ്പിൽ കിടക്കാൻ തുടങ്ങുമ്പോൾ , തങ്കച്ചൻ പിന്നേം വന്നു…”എടാ തോമ്മാ മാറെടാ, ഡെസ്കീന്നു! നമുക്ക് സൈക്കിൾ ബോൾ കളിക്കണം! മാറെടാ…”
തങ്കച്ചൻ മനുവിനെ വലിച്ചു ഡെസ്കീന്നു മാറ്റി…
അവനു വല്ലാത്ത ദേഷ്യം വന്നു. അതുവരെ പുകഞ്ഞിരുന്ന അവന്റെ ദേഷ്യം കോമ്പസിലേക്കു പകർന്നപ്പോൾ , തങ്കച്ചന്റെ നിലവിളി!
ഹെഡ്മാസ്റ്റർ വല്ലാത്ത ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു! “….നായയുടെ വാൽ എത്ര നാൾ കുഴലിൽ ഇട്ടാലും….ഇവനൊക്കെ നല്ല പെടയാണ് വേണ്ടത്….” – അങ്ങനെ പറഞ്ഞു ശരിക്കും പെരുമാറി!..
വീട്ടിലേക്കു നടക്കുമ്പോൾ കുഞ്ഞുമോൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.
ഒന്നും അവൻ കേട്ടില്ല…ഒന്നും പറഞ്ഞില്ല. അവനു വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു…
പറന്നു പറന്നു ചിന്തകൾ പോയപ്പോഴും ആമ്പൽപ്പൂ അവനെ തിരിച്ചു വിളിച്ചു! ഓ, കുഞ്ഞുമോൾക്കെന്നുമുള്ള ആമ്പൽപ്പൂ….?! അവൻ പെട്ടെന്ന് നിന്നു. പിന്നെ തിരിച്ചോടി. കുഞ്ഞുമോളുടെ ഉച്ചത്തിലുള്ള വിളികൾ അവൻ കേട്ടില്ല.
മനുവേട്ടന് എന്താ പറ്റിയത്? കുഞ്ഞുമോൾക്കു വേവലാതിയായി. അവൾ പൊട്ടിയ സ്ലേറ്റിൽ ഒരു ചെറിയ പൂ വരച്ചുകൊണ്ടു വഴിയരികിലെ മാവിന്റെ ചോട്ടിൽ ഇരുന്നു. മനുവേട്ടൻ വരും.
സ്ലേറ്റിലെ പൂവിൽ വെള്ളം വീണപ്പോൾ ….കൈ നിറയെ ആമ്പൽപ്പൂക്കളുമായി മനുവേട്ടൻ!
വയൽ വരമ്പിലൂടെ നടക്കുമ്പോഴും അവൻ ഒന്നും മിണ്ടിയില്ല. അവൾക്കു വല്ലാത്ത ഒരു വിഷമം തോന്നി..കണ്ണുകൾ നിറഞ്ഞു…
അവൾ വിഷമം സഹിക്കാതെ ഇടയ്ക്ക് ചോദിച്ചു കൊണ്ടിരുന്നു…. “മനുവേട്ടനെന്താ മോളോട് മിണ്ടാത്തേ…മോൾ ഒന്നും ചെയ്തില്ലല്ലോ….എന്താ മിണ്ടാത്തേ….മിണ്ടു….” അവന്റെ കൈയിൽ പിടിച്ചു അവൾ വിഷമം തീർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…എന്നിട്ടും…!
ഒടുവിൽ സഹികെട്ടു അവൾ പറഞ്ഞു…”ഞാൻ വരണില്ല…ഇങ്ങനെ ഞാൻ വരണില്ല…!”
അപ്പോഴാണ് മനു അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും , കണ്ണീർ പടർന്ന കവിളുകളും കണ്ടത്. അവൻ ഞെട്ടിപ്പോയി…ഓ…പാവം! അവൻ അവളുടെ കൈ പിടിച്ചു…കുഞ്ഞുമോൾ പിന്നെ കരഞ്ഞില്ല.
സ്കൂൾ വരാന്തയിൽ അടിപിടി ഇല്ലാത്ത ദിവസങ്ങൾ ഇല്ല!
മനു അന്ന് മുന്നിൽ ഇരിക്കാൻ ശ്രമിച്ചില്ല. അവൻ ഒതുങ്ങിക്കൂടുകയായിരുന്നു. ചങ്ങാതിമാരൊക്കെ അവനെ പിരിഞ്ഞു. ഡെസ്കിന്റെ മാറിൽ അവൻ ഒരു അന്തേവാസിയായി.
അപ്പു മാഷ് അവനെ ഇപ്പൊ സന്യാസി എന്നാ വിളിക്കാറ്. മനുവിന്റെ ഉള്ളിൽ അപ്പു മാഷിന്റെ രൂപം കൂടുതൽ വികൃതമായി.
അറിയാത്ത ചോദ്യങ്ങളുടെ ഒരു പ്രളയമായിരുന്നു ശ്രീധരൻ മാഷിന്റെ വക. പിന്നെ കൂട്ടചിരികളും! അവനു വല്ലാത്ത വിമ്മിഷ്ടം തോന്നി. പലപ്പോഴും ശ്വാസം മുട്ടുന്നപോലെ. പലവട്ടി ആ ഡെസ്കിൽ ആഞ്ഞാഞ്ഞു കുത്തി..എന്നിട്ടും….!
ഇതൊക്കെ വിട്ട് എങ്ങോട്ടേലും ഓടിപ്പോയാലോ….പക്ഷെ ‘അമ്മ ? എല്ലാ ദിവസവും ആ പാവം ഏറ്റു വാങ്ങുന്ന പീഡനങ്ങളൊക്കെ ഞാനെന്ന ഭാവി സ്വപ്നം കണ്ടാണ്. ദൈവമേ, ഈ ചുറ്റുപാടുകളിൽ എന്നെ ഞാൻ എങ്ങനെ…..?!
അവൻ അവനിൽ വന്നും പോയും ഇരുന്നു!
മനു കുളത്തിലേക്ക് കല്ലുകൾ ആഞ്ഞു എറിഞ്ഞുകൊണ്ടിരുന്നു.
“ചെറുക്കാനെന്താ പിരാന്താ..?”
നാണിത്തള്ള കുളിക്കാൻ വന്നു. പ്രാക്ക് തുടങ്ങി!
ഇനി ഇവിടെ ഇരുന്നാൽ ….
മനു അവിടെ നിന്നു ഓടി!
ഇന്ന് കുഞ്ഞുമോളേ കണ്ടില്ലല്ലോ…സ്കൂളില്ലേൽ ഒന്നുകിൽ മീനുവിന്റെ വീട്ടിൽ അല്ലേൽ മാവിൻ ചോട്ടിൽ. അവൻ ഉള്ളതിൽ ചന്തമുള്ള ഒരു ആമ്പൽപൂ പറിച്ചുകൊണ്ട് നടന്നു….
അന്തിയുടെ ചോപ്പ് മാനത്ത്; ഞാനെന്തേ ഇങ്ങനെ; എന്തിനാ എല്ലാവരേം; എന്തിനാ അമ്മയെ;കുഞ്ഞു മോളെ..; അവന്റെ മനസ്സിലേക്ക് കടിയനുറുമ്പുകൾ കൂട്ടത്തോടെ ഓടിക്കയറി! അവനു ശ്വാസം മുട്ടി.
അതാ കുഞ്ഞുമോൾ, അച്ഛനൊപ്പം.
“എന്താ തല്ലുകൊള്ളീ കൈയിൽ ഒടിഞ്ഞ പൂവൊക്കെ ആയിട്ട്…? ഇന്ന് ആരുടെ മെക്കിട്ട് കേറാനാ…”
ചന്ദ്രൻ മാമന്റെ പരിഹാസം.
കട്ടുറുമ്പുകൾ അവനെ കൂട്ടം കൂടി കടിച്ചു.
ചന്തമുള്ള ആമ്പൽപൂ കുഞ്ഞുമോൾ വാങ്ങിയോ?! അതോ അതവന്റെ മുഖത്തേക്ക് പതിച്ചോ…!!?
തലപൊട്ടി ചോരയിൽ കിടക്കുന്ന ചന്ദ്രൻ മാമൻ; അലറിക്കരയുന്ന കുഞ്ഞുമോൾ…
അവൻ ഓടി.
ഉള്ളിലെ കട്ടുറുമ്പുകൾക്കു രക്ഷയില്ല!
നാളിത്തള്ളയുടെ പ്രാക് കേൾക്കാതെ കുളത്തിലേക്ക് എടുത്തു ചാടി.
കുളത്തിന്റെ ആഴങ്ങളിൽ ആമ്പൽപ്പൂവിന്റെ വേരുകൾ അവനെ ചുറ്റി സ്നേഹിക്കുന്നുണ്ടായിരുന്നു.
ഉള്ളിലെ കട്ടുറുമ്പുകൾക്കു രക്ഷയില്ല!
*** *** ****
കുളത്തിന്റെ നടുവിൽ ഒരു ചന്തമുള്ള ആമ്പൽപൂ!!
കുഞ്ഞുമോൾക്ക് വേണമെന്ന് തോന്നിയെങ്കിലും ഭർത്താവിനോട് പറഞ്ഞില്ല.
“ആമ്പൽപൂ കുളത്തിൽ നിൽക്കുന്നത് കാണാൻ എന്ത് രസമാ അല്ലെ ചേട്ടാ…”
വർഷങ്ങൾ പഴക്കമുള്ള ഒരു പഴയ കാറ്റ്! ആകാശത്തിലെ പഴയ ബിംബങ്ങൾ കുളത്തിന്റെ മാറിൽ!
“നമുക്ക് പോകാം”
അവൾ ഭർത്താവിനെ കാക്കാതെ തിരിച്ചു കാറിലേക്ക് നടന്നു!
Originally Written in 1995 (29.09.1995, 5PM). Just added few lines at the end.
Photo: self
Nice though sad at the end…
LikeLiked by 1 person
Thanks for reading Akhila….
LikeLiked by 1 person
Good …but expected a happy ending…
LikeLiked by 2 people
Thank you Pratiba. കഥാവസാനം ഒന്ന് മാറ്റിയാലോ എന്ന് ഞാനും വിചാരിച്ചു, ഒരു വായനക്കാരൻ എന്ന നിലയിൽ….
പിന്നെ…എഴുത്തുകാരനും ആയി അടിയായി….ഒരുവിൽ ഈ കഥയുടെ ഈ അവസാനത്തിൽ എന്തോ ഒരു തുടക്കം ഉള്ളതുപോലെ തോന്നി..!!
(Sorry if I hurt readers!)
LikeLike
Happy ending “കട്ടുറുമ്പുക,ൾ ” സമ്മതിക്കില്ല എന്ന് തോന്നുന്നു. നല്ല വരികൾ – അവൻ അവനിൽ വന്നും പോയും ഇരുന്നു.
LikeLiked by 1 person
Deepa ….enikkum ishtappetta varikalil onnaanathu….
Thanks a lot for reading…
LikeLike
Beautiful story Sanil. From the beginning till the end.. 🙂
LikeLiked by 1 person
Thank you so much…. 🙏
Good to know that you liked it.👌
LikeLiked by 1 person
😊😊😊
LikeLiked by 1 person
🙏
LikeLiked by 1 person