ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഇത്രയും ഭയം ഉണ്ടാവില്ലായിരുന്നു.
ഇത്രയും ഇരുട്ട് ഇല്ലായിരുന്നെങ്കിൽ ഇത്രയും പേടി വരില്ലായിരുന്നു.
ഞാൻ ഇവിടെ ഒറ്റയ്ക്ക്; അവൾ വരേണ്ടതും ഒറ്റയ്ക്ക്!
ഒറ്റയ്ക്കല്ലായിരുന്നെങ്കിൽ…!
പകലായിരുന്നെങ്കിൽ…; പകലിൽ സാധിക്കില്ലല്ലോ ഒളിച്ചോടാൻ!
അവൻ ഇരുണ്ട വെളിച്ചം നോക്കി, കുറച്ചുകൂടി നീങ്ങി നിന്നു.
ആദ്യമായാണ് ഒളിച്ചോടുന്നത്, അവളും!
അവൻ മനസ്സിൽ ചിരിച്ചു; ഒന്ന് മതി! എന്നേയ്ക്കും വേണ്ടി ഒരൊറ്റ ഒന്ന്!
ഒരു മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തണം. ട്രെയിൻ ചെന്നിറങ്ങുമ്പോൾ ശിവ കാത്തു നിൽപ്പുണ്ടാവും. അവിടെ എത്തിയാൽ രക്ഷപ്പെട്ടു. ഒരു ചെറിയ ജോലി , ചെറിയ വീട് , സ്നേഹത്തിന്റെ നാളുകൾ. സാധാരണ ഒളിച്ചോട്ടത്തിന്റെ മുമ്പേ ഉള്ള ചിന്തകളും സ്വപ്നങ്ങളും. കൊറേ സിനിമകളിൽ കണ്ടതാ…എന്നാലും ഇപ്പൊ ബോറടിക്കുന്നില്ല…! ഒരു ചെറിയ ജോലി , ചെറിയ വീട് , സ്നേഹത്തിന്റെ നാളുകൾ.
അവിടെ വേറെ എന്തേലും കുഴപ്പം…?!
എന്ത് കുഴപ്പം!! അവളുടെ അച്ഛൻ കിടക്കയിൽ തന്നെ. പിന്നെ ‘അമ്മ. അവർക്കു ഇന്നും(എന്നും!) നൈറ്റ് ഡ്യൂട്ടി ആണ്! അവൾക്കു ഒളിച്ചോടാൻ പറ്റിയ സാഹചര്യം. ഒളിച്ചോടാതെ അവിടെ പറ്റില്ലല്ലോ!
അവൻ ഇരുട്ടിലേക്ക് നോക്കി നിന്നു. അതിനു അകലവും അടുപ്പവും ഇല്ല! ദൂരെക്കോ അടുത്തേക്കോ നോക്കുവാൻ കഴിയില്ല. എന്നിട്ടും അവൻ ‘ദൂരേക്ക്’ നോക്കി നിന്നു!
വീട്ടിൽ നിന്നിറങ്ങുമ്പോൾ ‘അമ്മ നല്ല ഉറക്കം. പിന്നെ ചേച്ചി ഇപ്പോഴും തയ്യൽ മെഷീനിൽ പണിയിലാണ്. മോങ്കുട്ടിയും ഉറങ്ങിയിരുന്നു. വീടിന്റെ കടവും, അമ്മയുടെ മരുന്നും മോന്റേയും എന്റെയും പഠിത്തവും ഒക്കെ ആ തയ്യൽ ചക്രമാണല്ലോ കറക്കുന്നതു! എന്നിട്ടും ചേച്ചി എപ്പോഴും ചിരിച്ചിരുന്നു. ഞാനും ഒളിച്ചോടേണ്ട സാഹചര്യത്തിൽ തന്നെ ആണല്ലോ.
അങ്ങനെ ഞാനും അവളും ഒരേ തൂവൽ പക്ഷികൾ, ഒളിച്ചോടേണ്ടവർ, ഒന്നിച്ചു ജീവിക്കേണ്ടവർ!
ഇരുട്ടിനു മാറ്റമില്ല! ചില എഴുത്തുകാർ കനം കൂടുന്ന ഇരുട്ടിനെ കുറിച്ച് എഴുതി കണ്ടിട്ടുണ്ട്. പക്ഷെ ഇവിടെ ചുറ്റും ഒരേ പോലെ ഉള്ള ഇരുട്ട്. ഒരേ പോലെ കനമുള്ളത്!
ഉള്ളിലെ കനം കൂടുന്നുണ്ടോ?! ഹേയ്, അവൾ എത്തിയാൽ ഒക്കെ മാറും, പിന്നെ ഒരു പുതിയ ജീവിതം!
ഇതും സിനിമയിലും ടീവീ സീരിയലിലും പുസ്തകങ്ങളിലും ഒക്കെ കണ്ടും കേട്ടും വായിച്ചും ഒക്കെ പഴകിയ പുതിയ ജീവിതം! അത് തുടങ്ങാനായി; അവൾ എവിടെ എത്തിയോ ആവോ?
ഇരുട്ടിൽ അവൻ പുതിയ പുതിയ ചിത്രങ്ങൾ വരച്ചു. ഇരുട്ട് അങ്ങനെ ആണ്! എപ്പോഴും നമ്മൾ വരക്കുന്നതെ അവിടെ ഉണ്ടാകൂ. അവൾ പെട്ടിയും തൂക്കി വരുന്ന ചിത്രം അവൻ പലവട്ടം വരച്ചു, എന്നിട്ടും അവൾ വന്നില്ല!
തണുപ്പില്ലാത്ത രാത്രി, അതുകൊണ്ടു ഒരു സുഖമൊക്കെ ഉണ്ട്. അവൾ അടുത്തുണ്ടായിരുന്നെങ്കിൽ….
പകൽ വെട്ടത്തു കണ്ടതൊക്കെ ഇവിടെ തന്നെയുണ്ട് എന്ന് അവനു അറിയാമായിരുന്നു. ഇരുട്ട് നമുക്ക് വെറുതെ കുറെ തോന്നലുകൾ തരുമെങ്കിലും അതിന്റെ അപ്പുറത്ത് ഉള്ളത് മാത്രം ഉണ്ട്!
ഇരുട്ടിനെ തോൽപ്പിക്കാൻ അവൻ ചെവി കൂർപ്പിച്ചു; അവളുടെ കൊലുസ്സ്? അവളുടെ വളകൾ?
ഇല്ല , ഇതുവരെ ഒന്നും ഇരുട്ടിനെ ഭേദിച്ച് എത്തിയിട്ടില്ല!
അവിടെ എന്തേലും…?!
അവനു ആശങ്ക കൂടി കൂടി വന്നു!
ഇവിടുന്നു അവസാന ബസ് പോയാൽ…’ അയ്യോ….! അതിനു മുൻപേ അവൾ വരും! നമ്മൾ ഒരുമിച്ച് ഒളിച്ചോടി ഒരുമിച്ചു ജീവിക്കേണ്ടവരല്ലേ.. , അവനു നല്ല വിശ്വാസമായിരുന്നു.
രാത്രിയുടെ കനത്ത ഇരുട്ടിനെ എഴുത്തുകാരുടെ സ്റ്റൈലിൽ കീറി മുറിച്ചുകൊണ്ട് വാസന്തി വരുന്നു! ഇന്നത്തെ അവസാന ബസ്! വെറുതെ ഡ്രൈവറും കണ്ടക്ടറും മാത്രം; വാസന്തി അവളുടെ വെളിച്ചവും അവരുമായി നിർത്താതെ പോയി!
പിന്നെയും ഇരുട്ട്, നല്ല കനമുള്ളത്!
ഇന്നത്തെ ഒളിച്ചോട്ട പദ്ധതി ഇവിടെ പൂർണമാവുന്നു. അവൾ ഉറങ്ങിപ്പോയിട്ടുണ്ടാവും. രാവിലെ അവൾ ഉണരുമ്പോൾ നല്ല തമാശയായിരിക്കും. പാവം അവൾ ഞെട്ടി എണീറ്റ് നോക്കുമ്പോൾ…..അതെ വീട്…കിടക്കയിൽ തളർന്ന അച്ഛനും, വാതിലിൽ തുറക്കാൻ വിളിക്കുന്ന ജോലി കഴിഞ്ഞെത്തിയ അമ്മയും…!
ഈ ഇരുട്ടിന്റെ തൊട്ടപ്പുറത്തെ തയ്യൽ ചക്രങ്ങളുടെ ശബ്ദം ഇപ്പോൾ കേൾക്കുന്നുണ്ട്. പെട്ടിയുമായി എങ്ങനെ കേറിച്ചെല്ലും. ചായ്പ്പിൽ ഒളിച്ചു വയ്ക്കാം, അടുത്ത ഒളിച്ചോട്ടത്തിനു വേണമല്ലോ.
അവൻ ചെന്ന് കേറുമ്പോഴും ‘അമ്മ ഉറക്കത്തിലായിരുന്നു; മോങ്കുട്ടനും! ചേച്ചിക്ക് ഒരു കട്ടൻ ഇട്ടു കൊടുത്തു ഞെട്ടിച്ചാലോ….
അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി, ദൂരവും, ആഴവും ഉള്ള ഇരുട്ടിലേക്ക്! അവിടെ നിന്നു വെളിച്ചത്തിലേക്ക് ഒരു നേർനോട്ടം ദൂരം മാത്രം!
അവൻ ചൂടുള്ള കട്ടൻ ചായ ചേച്ചിക്ക് കൊടുത്തു. ഇത്രവൈകിയും ഇത്ര തളർന്നിട്ടും തെളിഞ്ഞ ഒരു ചിരി!
വെളിച്ചത്തിലേക്ക് ഒരു നേർനോട്ടം ദൂരം മാത്രം!
* * *
നമ്മൾ ഇരുട്ടിൽ നിന്നും ഓടി മാറിയവർ. ഇരുളിന്റെ അപ്പുറത്തും പകൽ കാഴ്ച തന്നെ ഉണ്ടെന്നു നീ ഒന്ന് ഉറങ്ങിപ്പോയതുകൊണ്ടു മാത്രം കണ്ടവർ; ഒരേ തൂവൽ പക്ഷികൾ!
അവൻ അവളുടെ കൈയിൽ അമർത്തി പിടിച്ചു.
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു “നാളത്തെ ഇരുട്ടിൽ നമുക്ക് ഒന്നുകൂടി ഒളിച്ചോടിയാലോ?”
അവൻ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു “വാസന്തി പോയിട്ട് ഞാനങ്ങു പോകും!”
അവർ ചിരിച്ചു; കണ്ണുകളിൽ , ഇരുട്ടിന്റെ എത്ര ദൂരത്തിലും ആഴത്തിലും തിളങ്ങുന്ന പൊട്ടു വെളിച്ചവുമായി!
pic: Google Free Licensed.
Good writing
LikeLiked by 1 person
Thanks chetta…..😇🙏
LikeLike
Nice story….
LikeLiked by 1 person
Thanks a lot Ajith!😇🙏
LikeLike
ഇരുട്ട് നമുക്ക് വെറുതെ കുറെ തോന്നലുകൾ തരുമെങ്കിലും അതിന്റെ അപ്പുറത്ത് ഉള്ളത് മാത്രം ഉണ്ട്!… The message well conveyed..👍
LikeLiked by 1 person
Thanks a lot ഇന്ദു. ഇഷ്ടമായതിൽ സന്തോഷം…. 😇🙏
LikeLike
നന്നായിട്ടുണ്ട്……. 👌👌👌👌
LikeLiked by 1 person
Sorry missed your message. Thank you so much! സുഖം തന്നെ അല്ലേ ?
LikeLike