ഞായറാഴ്ച അല്ലേ…കുടുംബത്തിരുന്ന് ഒരു കുടുംബകഥ എഴുതിയാലോ…?
* * * * * * * * * *
ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള നല്ല ഒരു ജീവിതത്തിലൂടെയാണ് അവർ കടന്നു പോകുന്നത്. [പറഞ്ഞു പഴകിയ പൈങ്കിളി സ്റ്റൈൽ എന്നായിരിക്കും….പോട്ടെ സാരമില്ല. ചിലപ്പോഴെങ്കിലും കുറേ പറഞ്ഞു പഴകിയ സ്റ്റൈലിൽ ഒരു ചെറിയ സുഖം തോന്നും! പക്ഷെ ഇവിടെ കളി കാര്യമാവും! കുറച്ചു കാത്തിരിക്കണേ…ഞാൻ അതിന്റെ ഒരു “ഇത്” ബിൽഡ് ചെയ്തു കൊണ്ട് വരട്ടെ!!]
‘അവർ’ എന്ന് പറഞ്ഞാൽ, ഒരു ഭാര്യ, ഒരു ഭർത്താവ്, ഒരു മകൾ, ഒരു മകൻ! [“ഒരു” ഞാൻ വളരെ “ബുദ്ധിപൂർവം” എഴുതിയതാണ്…എന്റെ ഒരു കാര്യം!]
പിണക്കങ്ങളുടെ എണ്ണം [ഭാര്യയും ഭർത്താവും തമ്മിൽ; മകളും മകനും ഒട്ടും മോശമല്ല, പിള്ളേരും അമ്മേം അച്ഛനും പിന്നെ പറയാനേ ഇല്ല!] ഇണക്കത്തിന്റെ ശക്തിയുമായി മത്സരിച്ചുകൊണ്ടേയിരുന്നു! പക്ഷെ തോൽവി എപ്പോഴും പിണക്കത്തിനായിരുന്നു! [ശരിക്കു പറഞ്ഞാൽ അത് പിണക്കം ഇണക്കത്തിന് കൊടുക്കുന്ന ഒരു ‘return gift’ ആണ്, അല്ലെ?]
അവരുടെ ഏറ്റവും വല്യ പ്രത്യേകത എന്താണ് വച്ചാൽ…അവരുടെ വീട്ടിൽ TV , സ്മാർട്ഫോൺ, ലാപ്ടോപ്പ്, ടാബ്ലറ്റ് …അങ്ങനെ യൂടൂബും വാട്സാപ്പും കാണാവുന്ന സ്ക്രീനുകളൊന്നും ഇല്ലായിരുന്നു. [അയ്യോ…ഓടല്ലേ…! മുഴുവൻ വിശ്വസിക്കണ്ട, ഒന്ന് വിചാരിച്ചാൽ മതി..അങ്ങനെ ഒരു വീട്! പിന്നെ ഇതൊരു ഉപദേശകഥയൊന്നും അല്ല. പേടിക്കണ്ട! നിങ്ങള്ക്ക് നിങ്ങളുടെ സ്ക്രീനുകൾ നിങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനും ഉപയോഗിക്കാം…! ഞാൻ അതിനു എതിര് നിന്നിട്ടെന്തു കാര്യം??? കാരണം ഈ കഥ ആദ്യം വാട്സാപ്പിലാണല്ലോ ഞാൻ അയയ്ക്കാൻ പോകുന്നത്!!! 😉 പിന്നെ കുറച്ചുകൂടെ വായിക്കു…”ബിൽഡ് അപ്പ് ” ആയി വരുന്നതേ ഉള്ളു!]
അവരുടെ പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ഒരു പ്രധാന കാരണം സ്ക്രീനുകൾ ഇല്ലാത്തതാണെന്നു ഞാൻ പറയും! [(നിങ്ങൾക്ക് എന്തും പറയാം!). പിന്നെ സ്ക്രീനുകൾ അല്ല നമ്മുടെ കഥയിലെ നായകൻ; അപ്പൊ എന്താ വില്ലനാണോ? ഹേയ് അല്ലേ അല്ല! നമുക്ക് സ്ക്രീനുകളെ വിട്ടിട്ട് അവരെ ഒന്ന് ശ്രദ്ധിക്കാം]
അങ്ങനെ അവർ സന്തോഷമായി ജീവിക്കുന്നു.
[സാധാരണ സന്തോഷമായി ജീവിക്കുന്നവരുടെ കുടുംബത്തിലേക്ക് കുറേ പ്രശ്നങ്ങളും പ്രയാസങ്ങളുമായി ഒരാൾ കടന്നു വരും! അതവരുടെ ജീവിതത്തിലും സംഭവിച്ചു! മറ്റാരുമല്ല! – എഴുത്തുകാരൻ, സംവിധായകൻ !! അവർ എവിടെയും കേറി വന്നു സൂപ്പറായി കണ്ണീരും വികാരപ്രകടനങ്ങളും ഒക്കെ സമാസമം ചേർത്ത് നമ്മുടെ മനസ്സിലേക്ക് ഒഴുക്കി തരും….!! എന്നാൽ ഇവിടെ കളി കാര്യമാവുന്നു!]
ഇനി ഈ കുടുംബത്തിലേക്ക് കടന്നു ചെല്ലുന്നതു നമ്മൾ ഓരോരുത്തരും ആണ്. ആ ചിരിയും, കണ്ണീരും ഒക്കെ ഉള്ള അവരുടെ ജീവിതത്തിലേക്ക്!
ഇനി അങ്ങോട്ട് ഞാൻ വെറുതെ ഓരോന്ന് പറയും [അപ്പൊ ഇത്രയും നേരം ചെയ്തതോ?! ;)], അതോടൊപ്പം നിങ്ങൾ സഞ്ചരിക്കും അവരോടൊപ്പം…അവരുടെ കഥ നിങ്ങളുടെ മനസ്സിൽ നിറയട്ടെ…കണ്ണുകളിൽ വന്നു പോകട്ടെ! ആദ്യം നമുക്ക് അവരുടെ വീട്ടിലേക്കു ഒന്ന് പോകാം! [ഇതുവരെ ആ കുടുംബത്തിനെ നിങ്ങൾ മനസ്സിൽ കണ്ടത് നിങ്ങളോടൊപ്പമായിരിക്കാം, നിങ്ങളെ പോലെ ആയിരിക്കാം! അത് പോട്ടെ സാരമില്ല…!]
ഒരു പാവപ്പെട്ട കുടുംബം! [അത് കൊണ്ടാണ് സ്ക്രീൻ ഒന്നും ഇല്ലാതിരുന്നത്]. ഭർത്താവ് കിടപ്പിലാണ്; ഭാര്യ ജോലി ചെയ്താണ് ആ കുടുംബം പോറ്റുന്നത്. മകളും മകനും പഠിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എന്നാലും മകന് ചേച്ചിയെ പഠിപ്പിച്ചേ പറ്റൂ…അത് കൊണ്ട് അവനും എന്തേലും ജോലിക്കു പോകും. ചേച്ചിയെ അവർ അമ്മയും മോനും പഠിപ്പിക്കുന്നുണ്ട്. [കാണാത്തതോ അറിയാത്തതോ ആയ സാഹചര്യമാണെങ്കിൽ വെറുതെ വിചാരിച്ചാൽ മതി. മലയാള സിനിമയോ സീരിയലോ കണ്ടിട്ടുണ്ടെങ്കിലും നിങ്ങളുടെ കണ്ണ് നിറയുന്ന രീതിയിൽ ഇപ്പൊ സാഹചര്യങ്ങൾ നിങ്ങളുടെ മനസ്സിലൂടെ സീൻ ബൈ സീൻ ആയി…അല്ല എപ്പിസോഡ് ബൈ എപ്പിസോഡ് ആയി ഓടുന്നുണ്ടാവും! :)]
ഭർത്താവിന്റെ രോഗം മാറും എന്ന ഉറച്ച വിശ്വാസം അവർക്കെല്ലാം ഉണ്ട്. അത് കൊണ്ടാണ് ആ വീട് ഒരു തീരാദുഃഖത്തിലോ, എപ്പിസോഡ് മുഴുവൻ കരച്ചിലിലും കഷ്ടപ്പാടിന്റെയും വികാരപ്രകടനങ്ങളോ ഇല്ല! പിണക്കങ്ങളും ഇണക്കങ്ങളും മാത്രം! പിന്നെ മിന്നാമിനുങ്ങുകൾ പോലെ സ്നേഹവും സുഖവും ഉണ്ടവിടെ!
ഇനി കഥയ്ക്ക് ഒരു “ട്വിസ്റ്റ്” വേണ്ടേ? [തല്ലല്ലേ!!;)]
സത്യം പറഞ്ഞാൽ ഭാര്യക്കും ഒരു വല്യ അസുഖം ഉണ്ട്; അതാർക്കും അറിയില്ല; അവൾക്കു (ഭാര്യ) മാത്രമേ അറിയൂ… !! [എന്നെ അന്വേഷിക്കേണ്ട! ഞാൻ ഇവിടെ ഇല്ല…!!!]
പക്ഷെ ഒരു രഹസ്യത്തിനും അധികം ആയുസ്സില്ല! അവളറിയാതെ മറ്റു മൂന്നുപേരും ആ സത്യം അറിയുന്നു! [മരുന്നിന്റെ ബില്ലിൽ നിന്നോ, ഡോക്ടർ വഴിയോ, അതോ അപ്പുറത്തെ ശാന്തേടത്തി പറഞ്ഞിട്ടോ…എനിക്കറിയില്ല! നിങ്ങൾക്ക് തീരുമാനിക്കാം അവരെങ്ങനെ അറിഞ്ഞു കാണുമെന്നു! ഇപ്പൊ മനസ്സിലായില്ലേ ഒരു എഴുത്തുകാരന്റെ ബുദ്ധിമുട്ടുകൾ? 😉 ]
അവർ ആരും അത് അവളെ (ഭാര്യ) അറിയിക്കുന്നില്ല. പിന്നെ അവിടെ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകുന്ന സംഘർഷങ്ങൾ, എങ്ങനെ ഭാര്യയെ അറിയിക്കാതെ, അമ്മയെ വിഷമിപ്പിക്കാതെ സുഖപ്പെടുത്താൻ പറ്റും? [അതാണ് കഥ! നിങ്ങളൊക്കെ അവിടെ ഉണ്ടോ അതോ പോയോ?! ഞാൻ ഇവിടെ ഇല്ല! 😉 നിങ്ങൾക്ക് ഈ കഥയിലൂടെ സഞ്ചരിക്കാം, ഒരു കരക്കെത്തിക്കാം….പക്ഷെ…ഒന്ന് നിന്നേ. ആ സീരിയൽ സ്റ്റൈലിൽ നിങ്ങൾ ആലോചിക്കാൻ തുടങ്ങിയോ…? ഇനിയാണ് കാര്യങ്ങൾ ശരിക്കും കാര്യമാവുന്നതു!!!]
ഇതേ സാഹചര്യം! [സ്നേഹം, ഇണക്കം, പിണക്കം, ഒരു ഭാര്യ, ഒരു ഭർത്താവ്, ഒരു മകൾ, ഒരു മകൻ ഒക്കെ സെയിം സെയിം! 🙂 ]
പക്ഷെ, വീട് വളരെ വലുതാണ്. കാറുകൾ രണ്ടെണ്ണം, പിന്നെ വേണേൽ രണ്ടു സൂപ്പർ പട്ടികളും ആയിക്കോട്ടെ…ഇപ്പോഴത്തെ ഒരു സ്റ്റൈൽ അല്ലെ…പിള്ളേരാണെങ്കിൽ വല്യ സ്കൂളുകളിൽ, ഭാര്യയും ഭർത്താവും സോഫ്റ്റ്വെയർ engineers ആണ്…അല്ലേൽ ഡോക്ടർ…അല്ലേൽ…പോട്ടെ…കൊറേ കാശു കിട്ടുന്ന വല്യ ഉദ്യോഗം!
അവരുടെ കാര്യത്തിൽ അവർ സ്ക്രീനുകൾ വേണ്ടെന്നു വച്ചതാണ്! [വിശ്വസിക്കണ്ട…വിചാരിച്ചാൽ മതി!!) ]
ഭാര്യയുടെ അസുഖം അവർ അറിയുന്നു! അവരും കടന്നുപോകുന്നു അതെ ആത്മസംഘർഷങ്ങളിൽ കൂടി….
[രണ്ടു സാഹചര്യങ്ങൾ ….കഥകൾ ഒന്നോ അതോ രണ്ടോ?? നിങ്ങൾ ഇപ്പൊ വല്യ വീട്ടിലോ അതോ ചെറിയ വീട്ടിലോ?? അതോ ആ നാലുപേർ മാത്രമേ ഉള്ളോ മനസ്സിൽ? അതോ…നിനക്കൊന്നും വേറെ ജോലി ഇല്ലേ എന്ന് നാല് തെറീം വിളിച്ചിട്ട് കളഞ്ഞിട്ട് പോയോ?!!! കഥ എഴുതണ്ട…വെറുതെ മനസ്സിൽ കണ്ടാ മതി..പ്ളീസ്…! അഞ്ചു മിനിറ്റിൽ കണ്ടു തീർക്കാവുന്ന ഒരു ഷോർട് ഫിലിം!]
ഇനി കഥയ്ക്ക് ഒരു ക്ലൈമാക്സ് വേണ്ടേ…? [ഇത് ഞാനല്ല…..വേറെ ആളാ….!!]
മുറ്റത്തു ആൾക്കൂട്ടം!! മകൻ പുറത്തു നിന്ന് വീട്ടിലേക്കു നടന്നു (അല്ലേൽ കാറിൽ! ബോത്ത് ആർ ഓക്കേ!) വരുന്നു!
[പല സിനിമകളിലും ഉള്ള അതെ ഷോട്ട്. നിങ്ങളുടെ ഇഷ്ടത്തിന് ആംഗിൾ, ലൊക്കേഷൻ, കളേഴ്സ്, കോസ്റ്റും (ഇടുന്ന വസ്ത്രം..), മേക്കപ്പ് ഒക്കെ മാറ്റാം. പക്ഷെ സീൻ സെയിം!]
മകന്റെ മുഖം ക്ലോസപ്പ്!! അതിൽ മൊത്തം അങ്കലാപ്പും ടെൻഷനും! നമ്മളും ടെൻഷൻ ആവും അത് കണ്ടാൽ. [ഒക്കെ സംവിധായകന്റെ കഴിവ് പോലെ! അതേയ് സിനിമ സംവിധായകന്റെ കലയാണ്!! എന്നെ കൊലക്കു കൊടുക്കാൻ ഞാനില്ല….ഞാനെ, ഇവിടെ ഇല്ല എന്ന് പറഞ്ഞാൽ ഇവിടെ ഇല്ല!!]
ആരാണ് മരിച്ചത്?! [അച്ഛനോ? അമ്മയോ? അതോ ഒരു ട്വിസ്റ്റിനു വേണ്ടി മകളോ? അതോ അതിന്റെം അപ്പുറത്തെ ട്വിസ്റ്റിനു വേണ്ടി ഒരു പുതിയ അമ്മൂമ്മയോ? അപ്പൂപ്പനോ?….അതോ ന്യൂ-ജൻ സ്റ്റൈലിൽ…കെട്ടി ഇട്ടിരിക്കുന്ന ഒരു കള്ളൻ?…ഒക്കെ കാണുന്നുണ്ടോ? അതോ എന്നെ കൈയിൽ കിട്ടിയാൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുവാണോ…!!! ബാക്കിയുള്ളവർക്ക് ടിവിയിലും സിനിമയിലുമൊക്കെ കാണിക്കാം നിങ്ങൾക്ക് അത് കാശു കൊടുത്തു കാണാം; ഞാൻ പറഞ്ഞാലേ കുഴപ്പമുള്ളൂ…അയ്യോ പിണങ്ങല്ലേ. ഇത്രേം ആയില്ലേ…ഇനി ആൾക്കൂട്ടം എന്തിനാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം!]
പക്ഷെ എനിക്കിഷ്ടം ചിരിക്കുന്ന മുഖങ്ങളാണ്!
വീടിനുള്ളിൽ മധുരം കൊടുത്തുകൊണ്ട് അമ്മ. അച്ഛൻ വരുന്നവരോട് അഭിമാനപൂർവം സംസാരിക്കുന്നു. മകൾക്കു കിട്ടിയ റാങ്ക് അവർക്കു ഉൾകൊള്ളാവുന്നതിലും വല്യ സന്തോഷമായിരുന്നു!; ഭൂമിയിലല്ലാത്ത വികാരമാണ്!
കണ്ടുകൊണ്ടു ഈ മകൻ ചെല്ലുമ്പോൾ….മകന്റെ ഉള്ളിലെ വികാരം…അതിനു പേരില്ല!! [പക്ഷെ അഭിനയിക്കാൻ കെൽപ്പുള്ള കുറേ നല്ല നടന്മാർ നമുക്കുണ്ട്!!]
അവരുടെ ഒക്കെ അസുഖങ്ങൾ മാറിയോ ഇല്ലയോ എന്ന് എനിക്കറിയില്ല! പക്ഷെ ആ നാല് പേരുടേം ഉള്ളിൽ ഇപ്പോൾ ആർദ്രതയുണ്ട്…ആവോളം! [അത് നിങ്ങളുടെ ഓരോരുത്തരുടേം ഉള്ളിലും ഉണ്ട്…ഞാൻ ഇത്രയെങ്കിലും പറഞ്ഞില്ലേൽ മോശമല്ലേ!]
അവിടെ ഇണക്കങ്ങളുടെ ശക്തി പിന്നെയും ജയിച്ചുകൊണ്ടിരുന്നു; പിണക്കങ്ങൾ എത്രകൂടിയാലും; അപ്പോൾ അസുഖങ്ങൾക്ക് പ്രസക്തി കുറയും …അതങ്ങനെയാണ് ജീവിതം!
പിന്നേം അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും തുടർന്നു….
[അതാ പിന്നേം cliche (പഴയതു പിന്നേം!). എന്റെ കഥ ഇവിടെ തീർന്നു. ശരിക്കും! 🙂 നിങ്ങടെ കഥ എന്തായി? പ്രശ്നങ്ങളുടേം തിരക്കിന്റേം വാട്സാപ്പിന്റേം ഇടയിൽ ഒരഞ്ചു മിനിറ്റ് വെറുതെ അവരെയൊക്കെ കണ്ടില്ലേ…? എന്നെ നിറച്ചും പ്രാകിയില്ലേ? മതി…എനിക്ക് സന്തോഷമായി!!]
ഇടക്ക് നമ്മളോരുത്തരും ഇതുപോലെ ഓരോ കഥയും ദിവസവും കാണാറുണ്ട്. ചെറുതും , ചിലപ്പോ ചിലതു ഇമ്മിണി വലുതും!! അവിടെ പൈങ്കിളി ഇല്ല, മോഡേൺ ഇല്ല….നമുക്ക് തോന്നുന്നതൊക്കെ അവിടെ അടിപൊളി കഥയാണ്…പിന്നല്ല!പക്ഷെ ഭാഗ്യം; അത് നമ്മൾ മാത്രമേ കാണുന്നുള്ളു!! ഇന്ന്, ആ കഥയിൽ ഞാൻ ഒന്ന് ഇടപെട്ടെന്നെ ഉള്ളൂ….!!!
[നിങ്ങളുടെ മനസ്സ് എനിക്ക് വായിക്കാൻ പറ്റും! “നിന്നെ കൈയിൽ കിട്ടിയാൽ ……”…അതിനു കിട്ടിയിട്ട് വേണ്ടേ…താങ്ക്സ് to വാട്സ്ആപ് ആൻഡ് ഓൾ ടെക്നോളജീസ്! ടെക്നോളജിയുടെ ഒരു വളർച്ചയേ…!!!]
Keep Smiling!
Photo : google free licensed.
Aake motham total oru suspense thriller !!
LikeLiked by 1 person
Ayyo!! 😃🙏
LikeLike
Nice story horizontalrulefinder
LikeLiked by 1 person
Thanks Kurian!
LikeLiked by 1 person
You are welcome
LikeLiked by 1 person
Interesting story….
LikeLiked by 1 person
Thank you Nabeela…
LikeLiked by 1 person
അങ്ങനെ ഉത്തരാധുനിക മലയാള കഥ വിരലിലെണ്ണാവുന്ന വരികളിൽ സാമൂഹിക മാധ്യമത്തിൽ ജന്മം കൊണ്ടു.🤗 എന്താ അങ്ങനല്ലേ ഡോക്ടറേ ഈ പരീക്ഷണത്തെ വിശേഷിപ്പിക്കേണ്ടത്.
LikeLike