മുന്നിൽ ഇരുന്ന ആൾ കഴിച്ചു കഴിഞ്ഞു പോയി. പ്ലേറ്റിൽ ഒരു മുഴുവൻ വടയും ഒരു മുറിയും ബാക്കി! ചുറ്റും നോക്കി. ഇല്ല, ആരും ശ്രദ്ധിക്കുന്നില്ല. മെല്ലെ പ്ലേറ്റ് എൻ്റെ അടുത്തേക്ക് നീക്കി. ഒന്നും അറിയാത്ത പോലെ വട കഴിച്ചു. മെല്ലെ പ്ലേറ്റ് മുന്നിലേക്ക് നീക്കി വച്ചു.
മെല്ലെ എണീറ്റ് കൈ കഴുകി തിരിച്ചു വന്നപ്പോൾ, വെയിറ്റർ വച്ചു പോയ ബിൽ നോക്കി ഞാൻ ഞെട്ടി. രണ്ടു വടയുടെ ബിൽ!
ഒന്നുമില്ലാത്ത കീശയിൽ എന്തോ ഉണ്ടാകും എന്നപോലെ ഞാൻ പരതി; വെറുതെ കുപ്പായത്തിൻ്റെ അവിടെയും ഇവിടെയുമൊക്കെ പിന്നെയും തപ്പി നോക്കി!
എണീറ്റ് ഒടിയാലോ! ഞാൻ ചുറ്റും നോക്കി. വെയിറ്റർ എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു. രക്ഷയില്ല! കാലു പിടിച്ചാലോ….
അതാ, വെയിറ്റർ എൻ്റെ അടുത്തേക്ക് വരുന്നു. തല കുനിച്ച് ഞാൻ ഇരുന്നു. അയാൾ പോയി കഴിഞ്ഞു പതുക്കെ തല ഉയർത്താതെ ഞാൻ നോക്കി.
അയാൾ പ്ലേറ്റ് എടുത്തുകൊണ്ട് പോയിരിക്കുന്നു. എവിടെ ആ ബിൽ? അതും ഇല്ല.
ഞാൻ തല ഉയർത്തി ചുറ്റും നോക്കി. വെയിറ്റർ അപ്പോഴും എന്നെ തന്നെ നോക്കുന്നു; ഒരു ചെറിയ ചിരിയോടെ എന്നോട് പൊയ്ക്കോ എന്ന് പറയുന്നു!
ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട് , ഞാൻ എണീറ്റ് പുറത്തേക്ക് നടന്നു; അടുത്ത ചിരിയുടെ വഴിയും തേടി!
Photo by Nick Fewings on Unsplash