ഏകാന്തത

അയാൾ അല്പനേരം കൂടി ആ പൂവിൽ തന്നെ നോക്കിയിരുന്നു…
*                   *                      *                         *

“പപ്പാ, പപ്പാ ദേണ്ടേ…..” രഘു ഞെട്ടിത്തിരിഞ്ഞു. മകന്‍! പട്ടിക്കുഞ്ഞിനൊപ്പം ഓടിക്കളിക്കുന്ന തന്റെ മകൻ! തലോടലിലെ വാല്‍സല്യം ശരിക്കറിഞ്ഞു വളരുന്ന കുട്ടി!
മീര ചായയുമായി വന്നു; ചൂടുള്ള നല്ല ചായ. ഒക്കത്തിരുന്ന കുഞ്ഞിനെ മടിയിലിരുത്തി അവൾ പുല്‍ത്തകിടിയില്‍ ഇരുന്നു.
ഇന്നലത്തെ പിണക്കം , അതിപ്പോഴും..അയാൾ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി; അവളും അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ആ കണ്ണുകള്‍ എന്തെല്ലാമോ പറഞ്ഞ്, മെല്ലെ നനയാന്‍ തുടങ്ങുബ്ബോഴേക്കും മോൻ ഓടി തളര്‍ന്ന് വന്നടുത്തു വീണു.

“പപ്പാ, ഈ കൈശറു പങ്കര കടിയനാ…നമച്ചിവനെ കെറ്റിയിടാമേ…”
നിർത്തുകളില്ലാതെ അവൻ പലതും പറഞ്ഞു കൊണ്ടിരുന്നു. രഘു അവനെ തന്നോടടുപ്പിച്ചു.

“മീരേ, നമ്മളെന്തിനാ പിണങ്ങിയത്?”
“എന്താ രഘുവേട്ടാ നമ്മള്‍ പിണങ്ങിയോ, എപ്പൊ?”
അവരുടെ സ്നേഹം പുഞ്ചിരിയായി…

*                   *                      *                         *

കാറിന്റെ ഹോൺ ശബ്ദം കേട്ട് രഘു തിരിഞ്ഞു നോക്കി, പാർക്കിന്റെ അങ്ങേത്തലക്കല്‍ അതാ പ്രകാശ്. രഘു മെല്ലെ എഴുന്നേറ്റ് പ്രകാശിന്റെ അടുത്തേക്ക് നടന്നു.
“ഏകാന്തപഥികൻ കാറിലേക്ക് കയറിയാട്ടെ…” ഡോർ തുറന്ന് ചിരിച്ചുകൊണ്ടു പ്രകാശ് പറഞ്ഞു.
കാർ ആ പാർക്ക് വിട്ടകലുബ്ബോഴും ആ പൂവ് ഏകാന്തതയില്‍ തലയാട്ടിക്കൊണ്ടിരുന്നു.

[Feb, 1995]

മഞ്ഞുപോലെ… !

മഞ്ഞുപെയ്യുമീ മൂകസന്ധ്യയിൽ
മാഞ്ഞുപോകയോ കനവുകൾ…
എന്റെ തംബുരുവിൽ നിറയും നീർകണം
സ്നേഹരാഗമായ് ദേവനേ…
കണ്ടുഞാൻ നിൻമനം,
അറിയുന്നു ഞാനാ നൊമ്പരം,
നിൻ നിനവുമാത്രമെൻ സാന്ത്വനം…  (മഞ്ഞുപെയ്യുമീ)

പണ്ടുനമ്മളാ കുഞ്ഞുതോണിയിൽ
കൂടൊരുക്കിയൊരു നാളിൽ… (2)
അറിയാതെ… എൻമനസ്സിൽ
കുളിരായി… നിൻമിഴികൾ… (2)
ആ സ്നേഹതീരം അകലുന്നുവോ-
ഞാൻ, നീറുന്നൊരനുരാഗമായ്… (മഞ്ഞുപെയ്യുമീ)

നീ കുറിച്ചൊരാ ഹൃദയരാഗമെൻ
മോഹരാഗമായ് മാറി… (2)
ഉണരുമ്പോൾ പോയ് മറയും
കനവല്ലോ എൻ മോഹം…(2)
ഈ വഴിത്താരയിൽ മഴമുകിൽ തേടും
വേഴാമ്പലാണിന്നു ഞാൻ… (2) (മഞ്ഞുപെയ്യുമീ)

Written by skd on 13/07/2007
Composed by Mithun Raaj (Mittu)
Sung by Sujatha
Album : Violet (Snapshot of All Songs)
Here you can find one of the links of the full song! 🙂

എത്ര ക്ഷണികമാണ് ഈ ജീവിതം… മിട്ടൂ, നീ ആഗ്രഹിച്ചതൊക്കെ നിനക്ക് ചെയ്യാൻ പറ്റി എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം…

മൂത്തമ്മ

ചന്ദനത്തിരിയുടെ രൂക്ഷഗന്ധം…  ചുറ്റുമുള്ള നിഴലുകൾ നിശ്ചലമാണ്…  വെളുപ്പ്‌ നിറത്തിന് ഇത്രയും ഭീകരത ഇന്നാദ്യം! ചോദ്യങ്ങൾക്കും ആശങ്കകൾക്കും മൂത്തമ്മ ഉത്തരം നൽകിയിരിക്കുന്നു! ഇനി, ICU വിൽ തുടരണോ, വാർഡിലേക്ക് മാറ്റണോ, അതോ അന്ത്യദിനങ്ങൾ വീട്ടിലെ ശാന്തതയിൽ പോരേ… അങ്ങനെ ആരെയും അവർ ധർമ്മസങ്കടത്തിലാക്കില്ല!

“നന്നായി” പലരുടെയും ചുണ്ടുകളിൽ പടർന്ന വിചാരം ഒന്നുതന്നെ.
“നന്നായോ?”…  മനസ്സിലൊരു വല്ലാത്ത ചോദ്യം! നല്ലതും ചീത്തയുമൊക്കെ നമ്മുടെ സൗകര്യാർത്‌ഥം നമുക്ക് വഴങ്ങിത്തന്നേ പറ്റൂ… !

അവരെന്തിനാ മരിച്ചത്? അവർക്കെന്തിനാ മരുന്നില്ലാത്ത ആ അസുഖം വന്നത്? എല്ലാവർക്കും വേണ്ടി ജീവിച്ച അവർ എന്ത് തെറ്റ് ചെയ്തു? ഇല്ല, തെറ്റുകാർ മരിക്കുന്നവരല്ല!! അടുക്കളയിലെ പുകയിലും പറമ്പിലെ പൊടിയിലും ചിരിയും സ്വാദും മാത്രം പകർന്ന സ്നേഹം, അതായിരുന്നു അവർ! ഇല്ല, തെറ്റുകാർ മരിക്കുന്നവരല്ല!!

Continue reading മൂത്തമ്മ

ഉറുമ്പിന്റെ വീട്‌

ഇന്നും അവൻ നേരത്തെ എണീറ്റു. ഇനി രാത്രി ഉറങ്ങുന്നതുവരെ തിരക്കോട്‌ തിരക്ക്! കളർ ചെയ്യണം, ടി വി കാണണം, പാർക്കിൽ പോണം, ഏട്ടയോട് കളിക്കണം, കിക്കേറ്റ് കളിക്കണം… അങ്ങനെ തിരക്കോട്‌ തിരക്ക് തന്നെ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, എത്ര പെട്ടെന്നാ!

ഇന്നെന്തോ കാലത്ത് തന്നെ വരാന്തയിലാണ് കളി! പ്രത്യേകിച്ചൊന്നും വേണ്ട കളിക്കാൻ! ആ നാലുവയസ്സിലേക്ക് പോകാൻ വെറുതേ… ! ഇപ്പോൾ അതൊരു ശീലമാണ്… ഒറ്റക്ക് സംസാരിച്ചും പാടിയും അവനേതോ ലോകത്ത്, ചുറ്റും കുറേ കൂട്ടുകാരുമായി…. അതൊരു ഭാവനയിൽ കൂട്ടിയിടാൻ കഴിയില്ല! ഒരു തരത്തിൽ ദൈവത്തിന്റെ ലോകം!

ഇപ്പോൾ ഉറുമ്പുകളോടാണ് വർത്തമാനം; അവരിൽ ഒരാളെപ്പോലെ; ചിലപ്പോൾ അവരുടെ പപ്പയായും മമ്മയായും ഏട്ടയായും! ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി; അവനറിയാതെ…

കയിച്ചോ, കയിച്ചോ… അവൻ ഉറുമ്പുകൾക്ക് ബിസ്ക്കറ്റ് പൊടിച്ചിടുന്നു! He is a big boy! തന്നേക്കാൾ വലിയ ബിസ്ക്കറ്റ് കഷണവും തൂക്കിക്കൊണ്ട് പോകുന്ന ഒരുറുമ്പിനെ നോക്കി അവൻ പറഞ്ഞു… പിന്നെ കൂട്ടിച്ചേർത്തു – “റ്റുറ്റൂനെ പോലെ!, റ്റുറ്റൂം big boy ആണ് ” Continue reading ഉറുമ്പിന്റെ വീട്‌