
കുഞ്ഞൻ, ലോകം, ഞാനും!
അറിയുന്നതോ തുച്ഛം,
അറിയാത്തതോ അനേകം!
എങ്കിലും അനേകം പറഞ്ഞും
തുച്ഛം ചെയ്തും
തുടരുന്നു നാം!
ലോകം വിചിത്രം!
ഉടുത്തൊരുങ്ങി നഗ്നരാ,യെങ്കിലും,
നഗ്നരായി നീങ്ങുമാ,
മാളോരെയെല്ലാം ഉടുപ്പിക്കണം!
ഞാൻ തരുന്നതേ മറയ്ക്കൂ,
ഞാൻ തരുന്നതേ ഉടുക്കേണം
ഞാൻ ഞാൻ തന്നെ!
ഉത്തരങ്ങളെല്ലാം വിരൽ തുമ്പിൽ,
പൊടുന്നനെ നൽകിടാം
ഇവിടെയും അവിടെയും എവിടെയും
ഉത്തരങ്ങൾ മാത്രം;
ഞാൻ തരുന്നതേ ശരികൾ
ഞാൻ പറഞ്ഞതേ കേൾക്കണം
ഞാൻ ഞാൻ തന്നെ!
കാണാനാകാത്ത കുഞ്ഞൻ
ആരും കാക്കാത്ത കുഞ്ഞൻ
പൊടുന്നനെ കണ്ടു നമ്മളെ!
ഓടുവാനിടമില്ലാതെ,
ഒട്ടുമേ പായാനുമാവാതെ
മാളത്തിനുള്ളിലായി മാളോരെല്ലാം!
എങ്കിലും, എങ്കിലും,
ഒരിടത്തിരുന്നു നാം ലോകം ചുറ്റും;
വിരൽ തുമ്പിൽ വിദ്വാനാകും;
ലോകരെ പഠിപ്പിക്കും;
ഞാൻ തരുന്നതേ ശരികൾ
ഞാൻ പറഞ്ഞതേ കേൾക്കണം
ഞാൻ ഞാൻ തന്നെ!
മുറ്റത്ത് കുഞ്ഞൻ കാത്തു നിൽക്കുന്നു,
കൈ കഴുകി, മുഖം മൂടി,
പാലും മുട്ടയും പച്ച ചീരയും,
പിന്നെ ഒക്കെ ഒക്കെയും കഴുകി…
അയ്യോ ചുമയ്ക്കല്ലേ, അയ്യോ തുമ്മല്ലേ
പുറത്തേക്കൊ,ട്ടുമേ ഇറങ്ങല്ലേ…
കുഞ്ഞൻ ഉമ്മറത്തെത്തി നിൽക്കുന്നു….
കുഞ്ഞൻ കാണാതെ,യുള്ളിൽ തന്നെ-
യിരിക്കാം, മടുത്തു പൊയ്ക്കോളും!
എങ്കിലും, എങ്കിലും,
പറയാതെ വയ്യ, അഭ്യസിപ്പിക്കാതെ വയ്യ;
കാണാത്ത കുഞ്ഞന്റെ കണ്ട കഥകളും,
വീരഗാഥകളും, കാണാത്ത അടവുകളും,
അറിഞ്ഞു കൊള്ളുക…!
ഞാൻ തരുന്നതേ ശരികൾ
ഞാൻ പറഞ്ഞതേ കേൾക്കണം
ഞാൻ ഞാൻ തന്നെ!
ഇപ്പോളറിഞ്ഞില്ലേ ജീവിതമെന്തെന്ന്
ഇപ്പോളറിഞ്ഞില്ലേ സത്യമെന്തെന്ന്
എല്ലാരും കേക്കട്ടെ;
എല്ലാരും അറിയട്ടെ;
ഞാൻ പറയാം, ഉറക്കെയുറക്കെ!
അനേകം പറഞ്ഞും
തുച്ഛം കേട്ടും
തുടരുക നാം!
ആരെയും അറിയാതെ
നിറങ്ങൾ കാണാതെ
ദേശമറിയാതെ
ദേഹം തേടുന്നു,
ദേഹമില്ലാത്ത, സത്വമില്ലാത്ത കുഞ്ഞൻ!
മുറ്റത്തോ, ഉമ്മറത്തോ,
കോലായിലെ കോണിലോ,
അവനുണ്ടാകും;
വിചിത്ര സത്യങ്ങൾ
വിളിച്ചു പറയാൻ!
ഞാൻ മാളോർക്ക്
ജീവിതം പഠിപ്പിക്കട്ടെ;
ലോകം സുന്ദരമാക്കട്ടെ!
കാത്തൂ മടുത്തിട്ട്,
കുഞ്ഞൻ പൊയ്ക്കോളും!
*** *** ***
കുഞ്ഞൻ പോയി കഴിഞ്ഞുള്ള ഒരു നല്ല ദിവസം!
അയ്യോ പോകുവാൻ വൈകി
അയ്യോ ചെയ്യുവാൻ വൈകി
ഓടാതെ വയ്യ, പായാതെ വയ്യ,
പൈക്കളെ വളർത്തണ്ടേ….!
കുഞ്ഞൻ, ലോകം, ഞാനും തുടരുന്നു!
Image : https://pixabay.com/illustrations/composing-woman-fantasy-face-2391033/ Free licensed.