
ഉണ്ണിയെ കൈ പിടിച്ചു നടക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ്; വല്ലാത്ത ഒരു ധൈര്യമാണ്; അന്നും ഇന്നും! അന്ന് കരുതലിന്റെയും, ഇന്ന് കരുതൽ കിട്ടുന്നതിന്റെയും!
‘കുട്ടികൾ വളരുന്നത് എത്ര വേഗമാ’ , ‘കണ്ണടച്ച് തുറക്കും മുമ്പ് പിള്ളേരങ്ങു വലുതാകും’….എന്നൊക്കെ ആൾകാർ പറയുന്നത് എന്താണാവോ?! കഴിഞ്ഞു പോയ വർഷങ്ങളൊക്കെ ഞാൻ കാണു നിറയെ കണ്ടത് തന്നെ!
സ്കൂളിൽ നിന്ന് ഓടിക്കിതച്ചു വരും, വന്നാലുടൻ “തിന്നാനെന്താമ്മേ’ എന്നും ചോദിച്ചു അടുക്കളയിലേക്കു വരും! ഒരുമിച്ചു ഒരു കടുംകാപ്പി* അതൊരു രസമായിരുന്നു. അപ്പോഴാണ് സ്കൂളിലെയും വീട്ടിലെയും ഒരു ദിവസത്തെ കഥ മുഴുവൻ ചർച്ച ചെയ്യുന്നത്! എന്നാലും എന്റെ കാപ്പി തീരും മുമ്പ് അവൻ കളിക്കാൻ ഓടിയിരിക്കും…!
ഇന്നും ഫോണിൽ എന്റെ കഥ മുഴുവൻ തീരും മുമ്പ് അവൻ ഓടും! അന്നത്തെ അതെ തിരക്ക് ഇന്നും ഉണ്ടവന്.
പഴയ ആൽബത്തിൽ അപ്പൂപ്പനോടും അമ്മൂമ്മയോടും ചേർന്ന് നിൽക്കുന്ന ആ പടം കണ്ടാൽ കുറുമ്പനാണെന്നു തോന്നുകയേ ഇല്ല! ആ പടം എടുത്ത ഉടനെ അവൻ ഓടി; വീണു, കൈയും പൊട്ടി! അന്ന് തൊട്ടു അവരവനെ ‘കുറുമ്പൻ’ എന്നേ വിളിച്ചിരുന്നുള്ളു; ഒടുവിൽ അവനെ കാണാതെ കണ്ണടക്കുന്നതുവരേയും!
ഇപ്പൊ ഞാനും വലുതായിരിക്കുന്നു; ഒരമ്മൂമ്മയോളം!
കഴിഞ്ഞ വർഷം അവന്റെ ഉണ്ണിയോടൊപ്പം എടുത്ത പടം?! ഇല്ല, അതവൻ കൊണ്ട് വന്നില്ല; ഫോണിൽ കാട്ടിത്തന്നു; ഇപ്പൊ എല്ലാം അതിന്റുള്ളിലാണല്ലോ..!
അന്ന് ഉണ്ണീടെ ഒരു പാട്ടും കേട്ടൂ ആ ഫോണില്..! കുഞ്ഞൻ മിടുക്കനാണ്. പാട്ടൊന്നും മനസ്സിലായില്ലെങ്കിലും, അതിലെ കുട്ടിത്തവും കുറുമ്പും അവന്റെ അച്ഛന്റേതു തന്നെ; കുളക്കരയിൽ നിന്ന് അവൻ പണ്ട് പാടിയ നങ്ങേലിപ്പാട്ടിലെപ്പോലെ….
ആൾക്കാർ എന്തിനാണ് – ‘കാലം മാറി’, ‘എല്ലാവർക്കും ഇപ്പൊ തിരക്കാണ്’, ‘ആർക്കും ആരെയും നോക്കാൻ സമയം ഇല്ല’, ‘സ്വന്തം കാര്യത്തിനായി ഓടുന്നു..’ – എന്നൊക്കെ വിലപിക്കുന്നത്? എനിക്കതു മനസ്സിലായിട്ടേ ഇല്ല. എല്ലാം എല്ലാക്കാലത്തും ഒരു പോലെയൊക്കെത്തന്നെയല്ലേ…? നമ്മൾ അതിനിടെ വലുതാകുന്നൂ എന്ന് മാത്രം!
പണ്ട് ഞാൻ കല്യാണം കഴിഞ്ഞു കണ്ണീരുമായി മധുവേട്ടന്റെ വീട്ടിലേക്കു പോകുമ്പോൾ ‘അമ്മ പറഞ്ഞിരുന്നു – “മോളേ ഇടയ്ക്കൊക്കെ കത്തെഴുതണേ…….ഇവിടെ വേറെ ആരും…..” അമ്മയും കരയുന്നുണ്ടായിരുന്നു.
പിന്നീടെപ്പോഴോ വീട്ടിൽ ചെന്നപ്പോ, ഒരിക്കൽ അമ്മ വിഷമം സഹിക്കാതെ ചോദിച്ചു! “നിനക്ക് ആണ്ടിലൊരിക്കലെങ്കിലും ഒരു വരി തിരിച്ചെഴുതരുതോ മോളേ….ഇവിടെ വേറെ….” അമ്മക്ക് വിഷമം വന്നാൽ പറഞ്ഞു തീർക്കാൻ പറ്റില്ല…! അന്ന് അമ്മ എല്ലാ മാസവും അയച്ചിരുന്ന കത്തുകളും ഞാൻ തിരിച്ചെഴുതാത്ത വരികളും കൂടി വരിഞ്ഞു മുറുക്കി….എന്നിട്ടും പിന്നീട് പോസ്റ്റ്മാന് പണി കൂട്ടാൻ അധികമൊന്നും കഴിഞ്ഞില്ല!!
അപ്പൊ പിന്നെ എന്ത് മാറ്റം…..?!;
ഒന്നുമില്ല..; ഞാൻ അമ്മയോളം ഇന്ന് വലുതായി…മറ്റൊരമ്മയായി, അമ്മൂമ്മയായി…..; അത്രമാത്രം!
കഴിഞ്ഞ തവണ വന്നപ്പോൾ അവനോടു ചോദിച്ചിരുന്നു – “എടാ മാസത്തിലൊരിക്കലെങ്കിലും നിനക്കൊന്നും വിളിക്കരുതോ….ഞാനിവിടെ ഒറ്റക്കല്ലേ….”
പാവം! ഇപ്പൊ എല്ലാ തിരക്കിനിടയിലും എല്ലാ മാസവും അവൻ വിളിക്കും! മാസത്തിലെ അവസാനത്തെ ഞായറാഴ്ച അറിയുന്നത് തന്നെ അവന്റെ വിളി വരുമ്പോളാണ്! ആ ചെറിയ വിളികളിൽ ഒരച്ഛന്റെ അങ്കലാപ്പും ആധിയുമൊക്കെ കാണാം; ഒപ്പം അവന്റെ ഉണ്ണിയോടുള്ള കരുതലും!
ജീവിതം ഒരുക്കൂട്ടുമ്പോൾ അതിന്റെ ഉള്ളിലേക്ക് വീണുപോകുന്നത് സാധാരണം മാത്രം…; അത് വേണ്ടത് തന്നെ! എല്ലാ ദിവസങ്ങളും അതിന്റേതായ കാഴ്ചകളിലും കരുതലിലും കൂടി കടന്നു പോകും; അങ്ങനെയാണല്ലോ വേണ്ടത്….; അങ്ങനെയല്ലേ പറ്റൂ…!
കഴിഞ്ഞ തവണ വിളിച്ചത് വേറെ ഏതോ രാജ്യത്തു നിന്നാണ്; പാവം അവൻ മുടങ്ങാതെ വിളിക്കും! അവനും, അവന്റെ ഉണ്ണിയും, രണ്ടു കുറുമ്പന്മാരെയും ഒന്ന് കാണണം; ഇനിയിപ്പോ അടുത്ത വേനലവധിക്കാവും…അതോ അതും കഴിഞ്ഞു ഓണത്തിനോ?! വേനലവധിക്കും ഉണ്ണിക്കു എന്തൊക്കെയോ പഠിക്കാനുണ്ട്, ഏതൊക്കെയോ ക്ലാസ്സുകളും..അവൾ പറയാറുണ്ട്! അത് കൊണ്ട് കഴിഞ്ഞ വേനലവധിക്കും വരാൻ പറ്റിയില്ല.
കഴിഞ്ഞ ഓണത്തിന് കൃത്യമായി വന്നു! ഒരു ദിവസമേ നില്കാനൊത്തുള്ളുവെങ്കിലും!
നാട്ടിലെ പോലെ അല്ലല്ലോ അവിടെ. ഓണത്തിന് പ്രത്യേകം അവധിയൊന്നും കിട്ടില്ല. ലീവ് എടുത്തു വേണം വരാൻ.
അടുത്ത ഓണത്തിന് അഞ്ചു ദിവസം ഉറപ്പ് എന്നും പറഞ്ഞാ പോയത്….പാവം!
പണ്ട് ഓണത്തിന് ഞാനും മധുവേട്ടനും വീട്ടിൽ പോകുമ്പോൾ, അമ്മയും ചോദിക്കാറുണ്ടായിരുന്നു…-“ഇത്ര വേഗം പോകാറായോ…രണ്ടീസം കൂടി നില്കരുതോ…”
ചിരിച്ചു കൊണ്ട് ഞാൻ പറയും – “അവിടേം നിങ്ങളെ പോലെ രണ്ടുപേർ ഉണ്ട്!”
അമ്മയും ചിരിക്കും; കണ്ണൊക്കെ നിറഞ്ഞിട്ടാണെങ്കിലും!
അവസാനം കണ്ണടക്കും മുമ്പ് കണ്ട അമ്മയുടെ തിളങ്ങുന്ന, തീഷ്ണതയുള്ള സന്തോഷം മറക്കാനാവില്ല..; എന്നേ കണ്ടിട്ട്, കയ്യിൽ മുറുക്കെ പിടിച്ചിട്ടു പറഞ്ഞതും! “നീ വന്നൂല്ലോ…നിന്നെ കണ്ടൂല്ലോ…അമ്മയ്ക്ക് അത് മതിയെടി….”
ഫോൺ ബെല്ലടിക്കുന്നു….ഞായറാഴ്ച!
പെട്ടെന്നെടുത്തില്ലേൽ…ചിലപ്പോൾ…അവനു തിരക്ക് കാണും!
“ഹലോ …..മോനെ…നീ വല്ലതും കഴിച്ചോടാ രാവിലെ…”
“അമ്മേ ഞാനിന്നും ഓഫീസിലാ…”
“ഇന്ന്…ഇന്ന് ഞായറാഴ്ച അവധിയല്ലേടാ…ഇന്നും ഒഴിവില്ലേ…”
“കുറെ പണിയുണ്ടമ്മേ തീർക്കാൻ…വെള്ളിയാഴ്ച തീർക്കേണ്ടതായിരുന്നു!”
“ദേഹം നോക്കി മതി പണിയൊക്കെ….എന്തിനാ….”
(അയാൾ മറ്റേ തലക്കൽ ഒന്ന് മൂളി!)
“അത് പോട്ടെ…കുറുമ്പനും അവൾക്കും സുഖം തന്നെ അല്ലേ….”
“അവനു ചെറിയ ഒരു പനി. ഒന്നും നേരെ ചൊവ്വേ കഴിക്കുന്നില്ല. ഇന്നലെ രാത്രി തീരെ ഉറങ്ങീട്ടും ഇല്ല!”
“പിന്നെന്തിനാടാ നീ ഇന്ന് ജോലിക്കു പോയേ…”
“പണി തീർത്തിട്ട് വേഗം പോണം!”
“അവന്റെ പനി മാറും മോനെ…ഡോക്ടറെ കാണിച്ചില്ല? പിന്നെ മഴ വല്ലതും നനഞ്ഞോ? ഈ സമയത്തു പനി ഒന്ന് വന്നു പോകുന്നതും നല്ലതാ….”
“അവനങ്ങു ക്ഷീണിച്ചമ്മേ. ഞാൻ ചെന്നാലേ ഇനി എന്തേലും കഴിക്കു. അവളോട് വഴക്കാണ്! പണി തീർത്തിട്ട് വേഗം പോണം….”
“എടാ, എന്നാ നീ ഫോൺ വച്ചോ. വേഗം പണി തീർത്തിട്ട് അവന്റടുത്തേക്കു ചെല്ല്. പനി വേഗം മാറും. കാവില് അമ്മ സന്ധ്യക്ക് വിളക്ക് വച്ചോളാം…..നീ ഫോൺ വച്ചോ….”
പാവം! ഇത്ര വിഷമത്തിലും തിരക്കിലും അവൻ വിളിച്ചു. ഇവിടെത്തെ വിശേഷങ്ങൾ അടുത്ത തവണ പറയാമല്ലോ….അല്ലേലും ഇവിടെ എന്ത് വിശേഷം!
“കുഞ്ഞന്റെ പനി മാറും. അതൊന്നും ഇല്ല!”
പണ്ട് ചെറിയ പനി വന്നാലും ഞാൻ അവന്റെ അടുത്തൂന്നു മാറില്ല. രാത്രി മുഴുവൻ ഉറങ്ങാതെ…അവനു ശരിക്കും ഭേദമാകുന്നത് വരെ വേറെ ഒന്നും ശ്രദ്ധിക്കുമായിരുന്നില്ല! മധുവേട്ടന്റെ അമ്മക്ക് ആ സമയത്തു മുഴുവൻ എന്നെ വേണം….വിളിയോട് വിളിയാണ് ആ സമയത്തൊക്കെ! “ഇവളുടെ ഭാവം കണ്ടാൽ ആർക്കും പനി വരാത്ത പോലെ…പിള്ളേരായാൽ പനി വരും…അതങ്ങു പോകും….” അവന്റെ പനിയും ഈ പാട്ടും എപ്പോഴും ഒന്നിച്ചു വരും, ഒന്നിച്ചു പോകും!
അവന്റെ ജോലി തീർന്നു പോയിട്ടുണ്ടാവുമോ ആവോ….പോയി കാണും! കുഞ്ഞന് പനി വേഗം മാറും!
“അമ്മാമ്മേ ഞാൻ ചായ്പ്പിലേക്കു* ഇറങ്ങുവാ, വിളിച്ചാൽ ചിലപ്പോൾ കേൾക്കില്ല..! വന്നിട്ട് ചോറ് തരാവേ…വെറുതെ കുട്ടീ കുട്ടീ കുട്ടീന്നു നീട്ടി വിളിക്കണ്ടാട്ടൊ…”
പെണ്ണിന് അധികാരം ഇത്തിരി കൂടുന്നുണ്ട്. എന്നാലും അവൾ മാത്രമല്ലേ ഉളളൂ….ആ കരുതലാണ് ഇന്ന് ധൈര്യം!
വഴിയിൽ ഗോപിക്കുട്ടന്റെ കയ്യും പിടിച്ചു അവന്റെ കുഞ്ഞൻ…!
ഗോപിക്കുട്ടനും വലുതായിരിക്കുന്നു!
ജനാലകാഴ്ചകളിൽ നിന്ന്, കണ്ണടച്ച് ഞാൻ കിടന്നു; പെണ്ണിന്റെ വെള്ളം നനഞ്ഞ കൈകളിലെ കരുതൽ വന്നു തോടും വരെ…!
*** *** *** ***
അവന്റെ സ്മാർട്ഫോൺ പിന്നെയും ഒന്ന് കൂവി, കുറച്ചു നേരമായി അത് ഇടയ്ക്കിടെ കൂവുന്നു! അവൻ അതെടുത്തു നോക്കി….”Monthly Call Amma!” അയാൾ അത് വായിക്കാതെ തന്നെ വിരലുകൾ തലോടി ഫോണിന്റെ കൂവൽ നിർത്തി!
പണി തീർത്തിട്ട് വേഗം പോണം…അവൻ വല്ലതും കഴിച്ചോ ആവോ…!
*കടുംകാപ്പി : black coffee
*ചായ്പ് : Extended room outside the usual house…or a seprate room(usually temporary) from the main house.
image: google freelicensed