ആദ്യമെന്നും പേരിടും,
പേരിൽ നിന്നേ തുടങ്ങൂ!
പേരിൽ ആണല്ലോ എല്ലാം!
ഒരിക്കൽ എനിക്കെഴുതണം
ഒരു പേരില്ലാ കവിത;
ഒരു പേരിൽ എന്തിരിക്കുന്നു!
പേര്, വിളിക്കുവാൻ മാത്രമെങ്കിലും,
വിളികളിൽ ഏറെ നാം നിറക്കുന്നു;
ഒടുവിൽ പേരിൽ നാമൊതുക്കുന്നു!
തമ്മിൽ നാം വിളിച്ചോതുന്നു,
എന്നെയും നിന്നെയും നിർവ്വചിക്കാൻ;
നിർവ്വചനങ്ങൾ എന്നും തീർക്കപ്പെടുന്നു!
പേരും നിർവ്വചനങ്ങളും വിളികളും,
ഒന്നും ഒതുക്കാത്ത കവിതയെ
ഞാൻ പേരില്ലാ കവിത എന്ന് പറഞ്ഞു!
പിന്നീട് പേരില്ലാ കവിതയും
അങ്ങനെ വിളിക്കപ്പെട്ടു;
വിളികളിൽ ആ കവിതയും മരിച്ചു!