കാറ്റിന്റെ നിറമെന്താ…?
അതോ നിറമില്ലേ?
വെളുപ്പ് മറഞ്ഞാണോ കറുപ്പ് ഉണ്ടാവുന്നത്?
അതോ കറുപ്പ് മറഞ്ഞ് വെളുപ്പോ?
അന്തിച്ചുവപ്പ് സന്തോഷം ആണോ? അതോ സങ്കടമോ?
അതോ അതൊക്കെ നമ്മുടെ വിചാരങ്ങളിൽ മാത്രമോ..; ഒക്കെ ഒക്കെ?!
മഴയുടെ മണമെന്താ ?
അത് മണ്ണിന്റെ മണം തന്നെ അല്ലേ?
അതോ മഴയുടെ മണം, അത് മനസിന്റെ വഴികളിൽ ഒഴുകുമ്പോൾ, ഓരോ വഴികളിലും നമ്മുടെ വിചാരങ്ങൾ ചാലിക്കുന്ന ഗന്ധക്കൂട്ടുകളുടേതു മാത്രമോ?
നക്ഷത്രങ്ങൾക്ക് കണ്ണുകൾ ഉണ്ടോ?;
രാത്രികളിൽ മാത്രം പ്രകാശിക്കുന്ന കണ്ണുകൾ …?
അതോ, ആ തിളക്കങ്ങൾ നമ്മുടെ വിചാരങ്ങളിൽ നിന്നും, നമ്മുടെ കണ്ണുകളിലൂടെ പ്രകാശ വേഗത്തിൽ അവിടേക്കു എത്തുന്നതോ?
ശരിക്കും, തിരയും തീരവും തമ്മിൽ സ്നേഹം തന്നെ ആണോ?
അതോ, ഒരിക്കലും ചേരാൻ കഴിയാതെ വിലപിക്കുന്നതോ?
അതോ.., ചേരാൻ കഴിയാത്ത രണ്ടു സത്യങ്ങളോ?
അവിടെയും നമ്മൾ, നമ്മുടെ വിചാരങ്ങളിൽ സൃഷ്ടിക്കുന്ന കണ്ടെത്തലുകൾ, നമ്മുടെ വരകളിലൂടെ മാത്രം, പുതിയ പുതിയ ചിത്രങ്ങളാക്കുന്നതോ?
അല്ല!
അത്, ശരിക്കും, ഒടുങ്ങാത്ത പ്രണയത്തിന്റെ അടങ്ങാത്ത തൃഷ്ണ തന്നെയല്ലേ….!
അതേ.
തിരയും തീരവും പ്രണയത്തിലാണ്, അവർ പ്രണയമാകുന്നു!
അവൾക്ക് എന്നെ ഇഷ്ടമാണ്…;
കാറ്റിന്റെ നിറം പോലെ,
കറുപ്പും വെളുപ്പും പോലെ,
അന്തിച്ചോപ്പിന്റെ സന്തോഷം പോലെ…;
അവൾക്ക് എന്നെ ഇഷ്ടമാണ്..; വല്ലാത്തൊരിഷ്ടം!
ആ ഇഷ്ടത്തിന് മഴയുടെ സുഗന്ധം!
അതെന്നെ നക്ഷത്രങ്ങളുടെ തിളങ്ങുന്ന കണ്ണുകളിലേക്കു പ്രകാശ വേഗത്തിൽ കൊണ്ടുപോകുന്നു…
തിരയും തീരവും പോലെ ഞങ്ങൾ പ്രണയിക്കുന്നു!
പ്രണയം ഞങ്ങളാണ്!
ഞാൻ വിചാരിച്ചു!!