പ്രസംഗത്തിൻ്റെ ചൂടിൽ അയാൾ അറിയാതെ കയ്യടിച്ചു പോയി. തൊട്ടടുത്ത് ഒരു ഭാവഭേദവും കൂടാതെ ഇരുന്ന വൃദ്ധനെ കണ്ടപ്പോൾ അത്ഭുതം തോന്നി.
“എന്താ ഇത്രേം സാമൂഹിക പ്രാധാന്യവും ആവേശം ഉണ്ടാക്കുന്നതും ആയ പ്രസംഗം കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ…?”
“ഉണ്ട്, തോന്നുന്നുണ്ട്!”
“പിന്നെന്താ ഒരു ഭാവഭേദവും ഇല്ലാതെ ഇരുന്നത്?”
“ആലോചിച്ചു ഇരുന്നു പോയതാ…!”
“എന്ത്?”
“പറഞ്ഞു പറഞ്ഞു തേഞ്ഞ വാക്കുകൾ ഇപ്പോഴും ആവേശം ഉണ്ടാക്കുന്നുണ്ടല്ലോ എന്ന സത്യം കാണുമ്പോൾ…., നമ്മളൊക്കെ എങ്ങോട്ടാ ഇനി പോകുന്നത് എന്ന് ആലോചിച്ചിരുന്നു പോയതാ മോനെ…..”
ചുറ്റും ആർപ്പുവിളികളും കയ്യടികളും ഉയർന്നു. അടുത്ത ആവേശം ഉണർന്നു!
അയാൾ ആലോചനയിൽ ആയിരുന്നു!
**********