ദൂരെയെങ്കിലും, മിന്നി മിന്നി,
വർണമായ് എന്നെ മൂടും!
ഒരുവേള പോലും കാണാതെയെങ്കിലും,
ഇളംകാറ്റായ് എന്നിലൊഴുകും..!
കൂരിരുൾ വഴികളിൽ,
ഇടവേളകൾ വഴിമാറി!
എന്നൊപ്പം മൂകമായ്,
എനിക്കായി നിൻ വിരലുകൾ
തലച്ചോറിലെ നോവുകൾ
തൊടും, തലോടും, പിന്നെ നിശ്വസിക്കും!
ശ്വാസകോശത്തിലെ പുക
ഊതിയകറ്റും, പിന്നെ വിതുമ്പും!
കരളിലെ കടുത്ത പൊങ്ങുകൾ
പതുക്കെ നുള്ളും!
ഹൃത്തിലെ ധമനികളിൽ
ചുംബിക്കും, പിന്നെ ദൂരേക്ക് നോക്കും;
അവിടെ അപ്പോഴും അച്ഛനുണ്ടാവും!
മകനേ, വെളിച്ചമുള്ള വീഥികൾ
ഇനിയും തീരാതെ കിടക്കുന്നു…
പുകയില്ലാ വായുവിൻ ആശ്വാസം
മരിക്കാതെ ഇപ്പോഴു-
മെങ്കിലും, ശ്വാസകോശം പുകയുന്നു!
തെളിഞ്ഞ നീരുറവകൾ
വറ്റാതെയെങ്കിലും, നീ,
ചവർപ്പിന്റെ തേരിലായ്!
മകനേ,ഇപ്പോഴും മൂകമായ്,
വിതുമ്പുവാൻ, നിശ്വസിക്കാൻ,
പിന്നെ ദൂരെ അച്ഛനെ നോക്കുവാൻ,
അമ്മതൻ നൊമ്പരരേണുക്കൾ….!
ഇനിയെങ്കിലും നീ, ഈ
തപ്തജന്മങ്ങളെ വിട്ടയയ്ക്കുക!
ഒരുനാൾ ഞങ്ങൾ നിൻ,
തിരിതെളിയും വെളിച്ചത്തിലലിയട്ടെ;
ദീപ്തമാകട്ടെയീ ആത്മാക്കൾ!
pic: Google Free Licensed.