Tag Archives: അപ്പൂപ്പൻതാടി

ഗംഗാതീർത്ഥം!

appooppanthadi

ഒരോണം! മുത്തച്ഛൻ; ഗംഗാതീർത്ഥം; കൊച്ചുമക്കൾ; ഊഞ്ഞാൽ; വെള്ളച്ചി; ഓർമ്മകൾ; ഒടുവിൽ മുത്തശ്ശിക്കൊപ്പം ഒരു യാത്ര…..!; ഒരു കഥ! അത് കവിതയായി!

കുഞ്ഞേ കളിക്കുവാനുള്ളതല്ല,
കുഞ്ഞിന് നല്കുവാനുള്ളതല്ല,
അങ്ങാ വടക്കുള്ള ഗംഗയാറിൻ
പുണ്യതീർത്ഥമാണറിഞ്ഞുകൊൾക!

മൺപാത്രമല്ലോ കരുതിടേണം
തട്ടി നീ താഴേക്കു വീഴ്‌ത്തിടല്ലേ…
അറിയില്ല നിനക്കാ പുണ്യശക്തി
അറിയില്ല നിന്നുടെ തലമുറക്കും!

പാപത്തിനൊക്കെ പരിഹാരമായ്
ഒരു ശുദ്ധസ്നാനം കൈക്കൊൾക വേണം
നിൻ പിതാവെൻ പുത്രൻ ഗോപാലനും
ആ ജല ജാലമറികയില്ല!

അന്നെന്റെ ചങ്ങാതി സൈനികനാം
കേണൽ മേനോൻ വന്നു തന്നതാണ്‌,
ഈ മൺകുട നീരുകൊണ്ടെൻ
ദാഹം ശമിക്കണം പോകും മുമ്പ്!

അപ്പൂപ്പനെന്തിനാ യാത്ര ചൊല്ല്യേ ?
അപ്പൂപ്പനെങ്ങടാ യാത്ര പോണേ…
അപ്പൂപ്പനെന്തിനാണാറ്റുവെള്ളം ??
നൽകിടാം രുചിയായ് കുടിച്ചീടുവാൻ
നന്ദിനി പശുവിൻ പാല് ഞങ്ങൾ.”

മക്കളേ നിങ്ങടെ സ്നേഹമൊക്കെ,
നൽകുമീ വയസ്സന് സാന്ത്വനങ്ങൾ…
എങ്കിലും അറിയുക,
അങ്ങാ വടക്കുള്ള ഗംഗയാറിൻ
പുണ്യതീർത്ഥമാണറിഞ്ഞുകൊൾക!

മുത്തച്ഛാ കണ്ടുവോയീ കുഞ്ഞിനെ,
അവളീ അമ്മുവിൻ കുഞ്ഞുപൂച്ച!
ചൊല്ലുമോ നല്ലോരു പേരീ-
ങ്യാവൂ കരയുന്ന വെള്ളച്ചിക്ക്…?”

അമ്മൂന്ന് തന്നെയങ്ങിട്ടുകൊൾക,
കീറലിൽ നീയുമേ തോറ്റുപോകും!
എങ്കിലും മക്കളേ….,
മക്കളേ നിങ്ങളാ വെള്ളച്ചിയെ,
തീർത്ഥക്കുടത്തിൽ നിന്നകറ്റിടേണം…”

അപ്പൂപ്പൻ പിന്നെയും പരിഭ്രാന്തനായ്,
ഗംഗാപുണ്യങ്ങൾ പിറുപിറുത്തു!
മക്കളാ മുറ്റത്തെ ഊഞ്ഞാലിലായ്
ഊണു കഴിഞ്ഞുള്ള വ്യായാമമായ്….!

അപ്പൂപ്പൻ പിന്നെയാ കാറ്റിനൊപ്പം,
അപ്പൂപ്പൻതാടിയായ് ഓർമ്മതേടി…
മൂവാണ്ടൻ മാവിൻ കൊമ്പിലുള്ള
ഊഞ്ഞാൽ കേളികൾ ഓടിവന്നു!
കൈകൊട്ടിപ്പാടിയും ആട്ടവുമായ്
പൂക്കളം തീർത്തതും മറക്കുവാനോ…?
പാടവരമ്പത്തെ ശൃംഗാരവും
പൂക്കുന്നു പുഞ്ചിരി കുളിരോർമകൾ…
കാർത്തൂ നീയങ്ങു പോയെന്നാലും
നീയെന്റെ ഓർമയിൽ ദീപനാളം!

യാത്രക്കിനിയെത്ര കുഞ്ഞുനേരം,
ഗംഗതൻ തീർത്ഥം നുണഞ്ഞിടേണം
അന്നെന്റെ ചങ്ങാതി സൈനികനാം
കേണൽ മേനോൻ വന്നു തന്നതാണ്‌….!!

മക്കളേ മറക്കണ്ട ഇലയിടുവാൻ
മക്കളേ മറക്കണ്ട മുത്തശ്ശിയെ
അണയാത്ത വിളക്കിന്റെ ദീപമായി,
സദ്യക്കിരിക്കുന്നു എന്റെ കാർത്തു!
ഒന്നിച്ചു ചേർന്നൊരു സദ്യയുണ്ണാൻ
അവളെന്നെ മാടി വിളിച്ചിടുന്നു…!

ദാഹം ശമിക്കുവാൻ കുടിച്ചിടേണം
ഗംഗതൻ മാറിലെ തീർത്ഥജലം…
കൈയേന്തി മൺകുടം പരതിയെന്നാൽ,
അമ്മുവിൻ വെള്ളച്ചി മുമ്പേയെത്തി;
മൺകുടമുടയുന്ന നാദത്തിനായ്
നിൽക്കുവാൻ, പരിഭവമോതുവാനോ,
വയസ്സനു നേരമൊട്ടുമില്ലാ!

കാർത്തുവിനൊപ്പമാ സദ്യയുണ്ണാൻ
അമ്പാട്ടെയപ്പൂപ്പൻ യാത്രയായ്…
മക്കളാ മുറ്റത്തെ ഊഞ്ഞാലിലായ്
വ്യായാമകേളികൾ തുടർന്നിരുന്നു….!


pic : google free licensed

വർഷങ്ങൾക്കു മുമ്പെഴുതിയ കവിതയാണ്…വീണ്ടും വായിച്ചു; അല്പം വെട്ടിയെഴുതി…അങ്ങനെ വീണ്ടുമെഴുതി!!