വഴിയോരത്തുള്ള വീട്. വളരെ സൗകര്യം. അങ്ങനെയൊക്കെ ചിന്തിച്ച കാലത്തു വച്ച സ്വപ്നവീട്.
ഇന്ന് കാത്തിരുന്ന വികസനം വന്നപ്പോൾ പൊടിയും പുകയും പിന്നെ വാഹനഗാനങ്ങളും.
ഇതാ ഇന്നിപ്പോൾ വികസനം റോഡ് പണിയുടെ രൂപത്തിലാണ് വന്നത് ; ഗേറ്റ് തുറക്കാനും പറ്റില്ല പുറത്തേക്കു പോകാനും പറ്റില്ല!
അവധിയായതു കൊള്ളാം. എങ്ങും പോകാനില്ല….ഭാര്യ എങ്ങും പോകാനും പറയില്ല!
വെറ്റയും പാക്കും ഇപ്പോൾ ഇറങ്ങും വേനലവധി ആഘോഷിക്കാൻ. അവന്മാരെവിടെ?
ഉറങ്ങുമ്പോൾ രണ്ടിനേം കാണാൻ എന്തു പാവങ്ങളാ ….
ഇന്നിനി പുറകിലെ വീട്ടിലെ മതില് ചാടിയാലേ വെറ്റക്കും പാക്കിനും കളിസ്ഥലത്തേക്കു പോകാൻ പറ്റൂ….!
പത്രത്തിലെ ഈണവും താളവും ഉള്ള ഗാനങ്ങളും, തകർപ്പൻ ആക്ഷൻ രംഗങ്ങളും , ഒപ്പം കഥകളിലെ ട്വിസ്റ്റും അങ്ങോളം ഇങ്ങോളം തുന്നിച്ചേർത്ത മസാലയും ഒക്കെ വയറ്റിൽ നൃത്തം ചവിട്ടാൻ തുടങ്ങിയിരിക്കുന്നു! പോയേക്കാം!
“എടാ , പതുക്കെ പോണേ …..പാക്കിനെ പൊന്നു പോലെ നോക്കണേ….”
അവളുടെ വാവിട്ട വിളി കേട്ടാണ് ചാടിയിറങ്ങി വന്നത്! ബാക്കി പിന്നെ പോകാം! ഇവന്മാർ ഇത്ര വേഗം റെഡി ആയോ!!!?? (അതോ ഞാൻ അത്രേം നേരം അവിടെ…..ഹേയ് …അത് പോട്ടെ….)
“പാക്കിനെ പാക്ക് പോലെ നോക്കിയാ പോരേ ? എങ്ങനെ പൊന്നു പോലെ….” മൂത്തവൻ വെറ്റ അവന്റെ നർമ്മരസം തുടങ്ങുംമുമ്പേ ഇടപെട്ടു!
“ടാ , നീ അവനേം വിളിച്ചോണ്ട് പോയേ , നിന്ന് തമാശ പറയാതെ…”
“രണ്ടും കൂടി കൈയും പിടിച്ചു പോകുന്നത് കാണാൻ നല്ല രസമുണ്ട്!” അവൾ അടുത്ത് നിന്ന് പയ്യെ പറഞ്ഞു.
“വെറ്റെ , മതില് സൂക്ഷിച്ചു കേറണേ …..മോനെ പതുക്കെ കേറ്റണം കേട്ടോ…” അവൾക്കു സമാധാനം വരുന്നില്ല.
“എടീ അവരെ പേടിപ്പിച്ചു തള്ളിയിടല്ലേ ….അവര് പോയിട്ട് വരും.”
എനിക്ക് അവരതൊക്കെ ചെയ്യണം ചെയ്തു പഠിക്കണം , വല്ലപ്പോഴും വീഴണം …അങ്ങനെ അല്ലെ വളരേണ്ടത്….നമ്മൾ പണ്ട് വളർന്നത്!!!
“അയ്യോ , കാലു കേറ്റാൻ പറ്റുന്നില്ലേ….” പാക്കിന് മതില് കേറാൻ പറ്റാതെ വിളിക്കാൻ തുടങ്ങി….
“എടാ മറ്റേ കാലു അവിടെ ചവിട്ടി , മറ്റേ കാലു മോളിൽ വയ്ക്കു….” ഞാൻ ഇവിടെ നിന്ന് അടവുകൾ വിളിച്ചു പറഞ്ഞു.
എനിക്ക് അവരതൊക്കെ ചെയ്യണം ചെയ്തു പഠിക്കണം , വല്ലപ്പോഴും വീഴണം …അങ്ങനെ അല്ലെ വളരേണ്ടത്….നമ്മൾ പണ്ട് വളർന്നത്!!!
ഞാൻ അവരുടെ വളരുന്ന കഴിവുകൾ നോക്കി നിന്നു . ഞാൻ അച്ഛനാണ്!
പെട്ടെന്ന് എന്നേം തള്ളി മാറ്റി അവൾ ഓടിപ്പാഞ്ഞു . പാക്കിനെ പയ്യെ എടുത്തു അപ്പുറത്താക്കി. “പിള്ളേരേ… സൂക്ഷിച്ചു പോണേ ….ടാ, എന്റെ കുഞ്ഞിനെ നോക്കിക്കോണേ ….” അവൾ പിന്നേം വിളിച്ചു പറഞ്ഞു. അവൾ അമ്മയാണ്!
വെറ്റയും പാക്കും അവൾ പറഞ്ഞത് ശരിക്ക് കേട്ടോ ആവോ ….! അവർ കുട്ടികളാണ്!
കുറേ ശരികളുടെ അകവും പുറവുമായി വെറ്റയും പാക്കും അമ്മയും ഞാൻ അച്ഛനും !!
ഹോ എന്തൊരു പുക !!! റോഡ് സൈഡിൽ വീട് വേണ്ടാ വേണ്ടാ എന്ന് പലവട്ടം പറഞ്ഞതാ…..അപ്പോൾ അന്ന് അവളോട് ഞാൻ പറഞ്ഞു പെൺ ബുദ്ധി പിൻ ബുദ്ധി ആണെന്ന്!
മിണ്ടാതെ വാതിൽ അടച്ചു , ജനാലകളും! ഇന്ന് എങ്ങും പോകാനില്ല….അവൾ എങ്ങും പോകാനും പറയില്ല!