തിരകൾ…

waves

ജീവിതത്തിന്റെ അവസാനദിവസം!

തിരകളിലെ രൗദ്രതാളങ്ങളിൽ രാത്രിയുടെ ദുഃസ്വപ്നങ്ങൾ! പക്ഷെ അവസാനദിവസം കരയാനുള്ളതല്ല !

തിരകളുടെ ഉള്ളിലൂടെ വിദൂരതയിൽ അവൾ വെളിച്ചം കണ്ടു !

“അക്കാ, എതാവത് കൊടുങ്കോ… അപ്പാവുക്ക് കണ്ണ് തെരിയാത് ……”

യാതന മുഴുമിപ്പിക്കാതെ ആ പെൺകുട്ടി ചോദിച്ചു “എന്നാച്ച് അക്കാ ?”

ഉപ്പുവെള്ളം, അറിയാത്ത മുറിവുകളിലേക്കും നീറ്റലായ് ഒഴുകുന്നു. മണലിനെയും യാതനയെയും വെല്ലുവിളിച്ച് അച്ഛനെയും വലിച്ച് ആ കുട്ടി പോയി.

ഊരിയെറിയാൻ വച്ച വളകൾ രണ്ടും അവൾ കൈകളിലേക്ക് കയറ്റിയിട്ടു. എന്റെ ഇഷ്ടങ്ങൾ അമ്മക്കേ അറിയൂ !

വളയിടുമ്പോൾ അറിയാതെ സുന്ദരിയാകും ;അവൾ മുടി മാറ്റി മുഖം തുടച്ചു !

തിരകൾക്കുള്ളിലേക്ക് പോയവരെ ആരും അറിഞ്ഞിട്ടില്ല ! തിരകൾ ഒന്നും സംഭവിക്കാത്തപോലെ തുടരുന്നു ; അല്ലെങ്കിലും തിരകൾക്കെന്തു സംഭവിക്കാൻ ??

അവൾ ഉപ്പുവെള്ളം കോരി ഒഴിച്ചു ! എല്ലാ മുറിവുകളും നീറട്ടെ, നീറി നീറി ഉണങ്ങട്ടെ !

“അക്കാ, എന്നാച്ച്….?” അതേ പെൺകുട്ടി !

കറുത്ത അവളുടെ മെലിഞ്ഞ കൈകളിൽ തന്റെ വള നന്നായി ചേരുന്നു.

ആ കുട്ടിയുടെ കവിളുകൾ തലോടി, അവൾ നടന്നു ; തിരകളിലേക്ക് ; തിരകളും ഉത്തരം അർഹിക്കുന്നു !

ഇനി എല്ലാ ദിവസവും അവസാനദിനമാകുന്നു !


Pic: Google, Labeled for reuse with modification


2 thoughts on “തിരകൾ…”

Leave a comment